രാഹുൽ പാർട്ടിയിലില്ല, നേരത്തേ സസ്പെൻഡ് ചെയ്തതാണ് - സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ നേരത്തേ തന്നെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും രാഹുൽ പാർട്ടിയുടെ ഭാഗമല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ വിഷയം നേരത്തേ മുതലേ ചർച്ചയിലുള്ളതാണ്.അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള തുടങ്ങിയ പ്രശ്‌നങ്ങളൊന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കൊണ്ട് മറച്ചുപിടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയതാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പരാതി ലഭിച്ച സ്ഥിതിക്ക് സർക്കാരിന് നിലപാടെടുക്കാമെന്നും കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണെന്നും കോൺഗ്രസിന്‍റെ മുതിർന്ന നേതാവായ കെ.മുരളീധരൻ പ്രതികരിച്ചു. തുടർനടപടികൾ നോക്കി പാർട്ടി തീരുമാനമെടുക്കുമെന്നും പുറത്താക്കിയ അന്ന് മുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.
മുഖ്യമന്ത്രിക്കാണ് യുവതി പരാതി നൽകിയത്. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. ഗുരുതരമായ ആരോപണങ്ങൾ പരാതിയിൽ ഉൾപ്പെടുന്നുവെന്നാണ് സൂചന.
രാഹുലിനെതിരായ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ പരാതി കിട്ടിയാൽ മാത്രം നടപടിയെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.
നേരത്തെ രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ, ആരും മൊഴി നൽകാൻ എത്താത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയിരുന്നു.
കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി ലഭിക്കുന്നത്.
അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളടത്തോളം കാലം നിയമപരമായി പോരാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ് ബുക്കിൽ പറഞ്ഞു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

