ഓേട്ടായിൽ രാഹുൽ, വിശ്വാസം വരാതെ സുഭീഷ്
text_fieldsരാഹുൽ സുഭീഷിനൊപ്പം സെൽഫിയെടുത്തപ്പോൾ
കോഴിക്കോട്: ഓട്ടോയുടെ പിൻസീറ്റിലിരിക്കുന്ന രാഹുൽ ഗാന്ധിയാണ് സുഭീഷിെൻറ ഓർമയിലിപ്പോഴും. വളയനാട് അമ്പലത്തിനു സമീപം താമസിക്കുന്ന അനോളിപ്പറമ്പത്ത് സുഭീഷ് (41) രണ്ടു പതിറ്റാണ്ടായി നഗരത്തിൽ ഓട്ടോയോടിക്കുന്നുവെങ്കിലും ഇതുപോലൊരു വി.വി.ഐ.പി കയറിയിട്ടില്ല. ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങുന്നത് കണ്ട് കണ്ണൂർ റോഡിൽ വണ്ടി നിർത്തി നോക്കിയതാണ്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെപ്പറ്റിയൊന്നും ഓർത്തിരുന്നില്ല. ഒന്നുകൂടി അടുത്ത് ചെന്നപ്പോഴാണ് ആളെ വ്യക്തമായത്.
ഓട്ടോ കണ്ട് രാഹുൽ അസി. കമീഷണറോട് വിളിക്കാൻ പറഞ്ഞു. രാഹുലിനും കെ.സി. വേണുഗോപാലിനുമൊപ്പം സുരക്ഷ ഉദ്യോഗസ്ഥനും കയറി. കെ.സി. വേണുഗോപാൽ മുഖേന രാഹുൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇലക്ട്രിക് വണ്ടിയല്ലേയെന്നു ചോദിച്ച അദ്ദേഹം അത് പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒരു കൊല്ലത്തിലേറെയായി ഇലക്ട്രിക് വണ്ടിയിലേക്ക് മാറിയിട്ടെന്നും നഗരത്തിൽ ഇലക്ട്രിക് ഓട്ടോക്കാർക്ക് പാർക്കിങ് സൗകര്യമില്ലാത്ത കാര്യവും വിവേചനവുമൊക്കെ അറിയിച്ചു.
ഇറങ്ങാൻ നേരം സെൽഫി എടുത്ത ശേഷമാണ് അദ്ദേഹം യാത്ര പറഞ്ഞത്. സന്തോഷംകൊണ്ട് അപ്പോൾ തന്നെ പ്രായമായ അമ്മയെ വിളിച്ചെങ്കിലും കിട്ടിയില്ല. അമ്മ മാലിനിയുടെ പേരിലാണ് അവിവാഹിതനായ സുഭീഷിെൻറ 'വളയനാട്ട് അമ്മ' എന്ന് പേരിട്ട ഓട്ടോ. അമ്മയുടെയും വളയനാടമ്മയുടെയും അനുഗ്രഹമാണ് എല്ലാ നല്ലകാര്യത്തിനും കാരണമെന്നാണ് വിശ്വാസം. അമ്മ സി.പി.എം അനുഭാവിയും താൻ ശിവസേനക്കാരനുമൊക്കെയാണെങ്കിലും സാധാരണക്കാരുടെ വണ്ടിയിൽ കയറാൻ കാണിച്ച മനസ്സിൽ വലിയ സന്തോഷം തോന്നി. കൊറോണക്കാലത്ത് സാധനങ്ങളും മറ്റും എത്തിക്കാൻ സൗജന്യമായി ഓട്ടോയോടിച്ചിരുന്നയാളാണ് സുഭീഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.