ആർ.എസ്.എസിനെയും സി.പി.എമ്മിനെയും തുലനം ചെയ്തെന്ന്; രാഹുലിന്റെ പരാമർശത്തിൽ ‘ഇൻഡ്യാ’ മുന്നണിയിൽ അതൃപ്തി
text_fieldsന്യൂഡൽഹി: ആർ.എസ്.എസിനെയും സി.പി.എമ്മിനെയും തുല്യമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ ഇൻഡ്യാ മുന്നണിക്കുള്ളിൽ അസ്വസ്ഥതക്കിടയാക്കി. ശനിയാഴ്ച നടന്ന സഖ്യത്തിന്റെ ഓൺലൈൻ യോഗത്തിൽ ഇടതു നേതാക്കൾ ഈ വിഷയം ഉന്നയിച്ചു.
കേരളത്തിലെ ഒരു പരിപാടിയിൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ അനുചിതവും ഭിന്നിപ്പിക്കാൻ സാധ്യതയുള്ളതുമാണെന്ന് ഇടതു പാർട്ടി നേതാക്കൾ ആരോപിച്ചു. അത്തരം പ്രസ്താവനകൾ താഴേത്തട്ടിലുള്ള അണികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ വെള്ളിയാഴ്ച കോട്ടയത്ത് നടത്തിയ പ്രസംഗത്തിൽ ആർ.എസ്.എസിനോടും സി.പി.എമ്മിനോടും പ്രത്യയശാസ്ത്രപരമായി പോരാടുന്നുണ്ടെങ്കിലും അവർക്കെതിരായ തന്റെ പ്രധാന പരാതി ജനങ്ങളോടുള്ള ‘വികാരങ്ങളുടെ’ അഭാവമാണെന്നും പറയുകയുണ്ടായി.
ആശയങ്ങളുടെയും പ്രസംഗങ്ങളുടെയും തലത്തിൽനിന്നാണ് ഞാൻ അവരോട് പോരാടുന്നത്. പക്ഷേ, എന്റെ ഏറ്റവും വലിയ പരാതി അവർക്ക് ജനങ്ങളോട് വികാരങ്ങളില്ല എന്നതാണ്- മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലായിരുന്നു രാഹുലിന്റെ വാക്കുകൾ.
‘നിങ്ങൾ രാഷ്ട്രീയത്തിലാണെങ്കിൽ ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് അനുഭവിച്ചറിയുക. അവരെ ശ്രദ്ധിക്കുക, അവരെ സ്പർശിക്കുക. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ യഥാർഥ ദുരന്തം, മറ്റുള്ളവർക്ക് എന്താണ് തോന്നുന്നതെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അനുഭവപ്പെടുന്നുള്ളൂ എന്നതാണ്’ - രാഹുൽ കൂട്ടിച്ചേർത്തു.
ഇൻഡ്യാ ബ്ലോക്കിന്റെ ഓൺലൈൻ യോഗത്തിൽ രാഹുൽ ഗാന്ധിയെ നേരിട്ട് പേര് പരാമർശിക്കാതെ സി.പി.ഐ നേതാവ് ഡി.രാജ ഈ വിഷയം ഉന്നയിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ഇടതുപക്ഷത്തെ ആർ.എസ്.എസുമായി തുലനം ചെയ്യുന്ന അത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞതായി അറിയുന്നു. കാരണം അവ അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സഖ്യത്തിന്റെ ഐക്യത്തെ തകർക്കുകയും ചെയ്യും.
ഇൻഡ്യാ ബ്ലോക്ക് യാത്ര ആരംഭിച്ചപ്പോൾ പൊതുവായ മുദ്രാവാക്യം ‘ദേശ് ബച്ചാവോ, ബി.ജെ.പി ഹട്ടാവോ’ എന്നായിരുന്നുവെന്നും, മുന്നണിക്കുള്ളിൽ സംഘർഷം വളർത്തുന്നതോ ഇടതുപക്ഷവും ആർ.എസ്.എസും തമ്മിൽ താരതമ്യം ചെയ്യുന്നതോ ആയ പ്രസ്താവനകൾ ആരും നടത്തരുതെന്നും യോഗത്തിൽ സന്നിഹിതനായിരുന്ന മറ്റൊരു നേതാവ് ചൂണ്ടിക്കാട്ടി.
സിപി.എം ജനറൽ സെക്രട്ടറി എം.എ ബേബി രാഹുലിന്റെ പരാമർശങ്ങളെ നേരത്തെ ശക്തമായി വിമർശിച്ചിരുന്നു. അവയെ ‘നിർഭാഗ്യകരം’ എന്നും കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയുടെ പ്രതിഫലനമാണെന്നും പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

