അന്ന് നാടുചുറ്റിയ ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ ദാരുണാന്ത്യം; വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി
text_fieldsവി.വി. ഷെരീഫിനൊപ്പം ഓട്ടോറിക്ഷയിൽ രാഹുൽ ഗാന്ധി എം.പി (ഫയൽ ഫോട്ടോ)
കൽപറ്റ: വയനാട് മുട്ടിലിൽ വാഹനാപകടത്തിൽ ഓട്ടോഡ്രൈവറും യാത്രക്കാരിയും മരിച്ച സംഭവത്തിൽ വൈകാരിക കുറിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. വാര്യാട് ദേശീയപാതയിൽ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ്, ഓട്ടോ യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്.
2021 ഏപ്രിലിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തിയപ്പോൾ ഷെരീഫിന്‍റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിന്‍റെ ഓർമ പങ്കുവെച്ചാണ് രാഹുൽ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഷെരീഫിനോട് ഓട്ടോറിക്ഷ ഓടിക്കുന്നതിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞ് വിശേഷങ്ങൾ പങ്കുവെക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഓട്ടോ നിർത്തിയശേഷം ഷെരീഫിനൊപ്പം മുൻസീറ്റിലിരുന്ന് വിശേഷം ചോദിച്ചറിഞ്ഞശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
കെ.സി. വേണുഗോപാലായിരുന്നു പരിഭാഷപ്പെടുത്തിയിരുന്നത്. രണ്ടു മരണവും തന്നെ വല്ലാതെ ദുഃഖിപ്പിച്ചെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഒരിക്കൽ വയനാട് സന്ദർശനത്തിനിടെ മുട്ടിലിൽ നിന്ന് ഷെരീഫിന്‍റെ ഓട്ടോയിൽ യാത്ര ചെയ്ത ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് രാഹുൽ ഗാന്ധി ദുഃഖവും അനുശോചനവും അറിയിച്ചത്. പരിക്കേറ്റ ശാരദ വേഗം സുഖപ്രാപിക്കട്ടെയെന്നും എം.പി കുറിപ്പിൽ പറഞ്ഞു.
ഷെരീഫുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ വിനയവും വിവേകവും തന്നെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ അറിയുന്നത് അവസമൊരുക്കിയെന്നും ഷെരീഫിന്‍റെ അക്ഷീണമായ ഉത്സാഹം എപ്പോഴും പ്രചോദനമാണെന്നും കുറിപ്പിൽ പറയുന്നു.
ഞെട്ടൽ മാറാതെ എടപ്പെട്ടി
ഷെരീഫിന്‍റെയും അമ്മിണിയുടെയും അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് എടപ്പെട്ടി. നാട്ടുകാരുടെ എന്താവശ്യത്തിനും ഓട്ടോറിക്ഷയുമായി എത്തുന്ന ഷെരീഫ് നാട്ടിലെ സൗമ്യമുഖമായിരുന്നു. ഒരുപാട് സൗഹൃദങ്ങളുള്ള ഷെരീഫിന്‍റെ വിയോഗം നാട്ടുകാർക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. എടപ്പെട്ടിയിലും പരിസരത്തുമായാണ് ഷെരീഫ് വർഷങ്ങളായി ഓട്ടോ ഓടിക്കുന്നത്.
ഓട്ടോ സ്റ്റാൻഡിലിടാറില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആരു വിളിച്ചാലും വേഗത്തിലെത്തും. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു. നാട്ടുകാർക്കെല്ലാം സഹായിയുമായിരുന്നു. ഭാര്യയെ തനിച്ചാക്കിയാണ് അപ്രതീക്ഷിതമായി ഷെരീഫ് വിട പറഞ്ഞത്. സംഭവം അറിഞ്ഞ് ഷെരീഫിന്റെ വീട്ടിലേക്ക് മറ്റ് ഓട്ടോ ഡ്രൈവർ സുഹൃത്തുക്കളും നാട്ടുകാരും എത്തിയിരുന്നു. ഉറ്റ ചങ്ങാതിയുടെ വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനായില്ല. കിറ്റ് വാങ്ങിയിട്ട് വരാം എന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ് അമ്മിണിയും ശാരദയും. ഇരുവരും അയൽക്കാരാണ്. എന്നാൽ, പിന്നീട് വീട്ടുകാർ അറിയുന്നത് അമ്മിണിയുടെ മരണവാർത്തയാണ്.
ശാരദ ഗുരുതര പരിക്കോടെ ആശുപത്രിയിലാണെന്നും. രാവിലെ വരെ കൂടെ ഉണ്ടായിരുന്ന അമ്മിണിയുടെ മരണം ചുള്ളിമൂല കൈപ്പ കോളനിക്കാർക്കും വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു. കൂലിപ്പണിയെടുത്താണ് അമ്മിണി കുടുംബം പുലർത്തുന്നത്. അമ്മിണിയുടെ വിയോഗവും കോളനിയിലുള്ളവർക്ക് താങ്ങാനായില്ല. ശനിയാഴ്ച രാത്രിയോടെ മൃതദേഹങ്ങൾ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പൊതു ദർശനത്തിനു വെച്ചപ്പോഴും നൂറുകണക്കിനു പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കുടുംബക്കാരും നാട്ടുകാരുമടക്കം വലിയ ജനക്കൂട്ടം അവസാനമായി ഇരുവരെയും ഒരു നോക്കു കാണാനായി തടിച്ചുകൂടി. ഇരുവരുടെയും അപ്രതീക്ഷിത മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
മൃതദേഹം എടപ്പെട്ടിയിലെത്തിച്ചപ്പോൾ കുടുംബക്കാർക്കും നാട്ടുകാർക്കും സഹിക്കാനായില്ല. അടുത്ത കൂട്ടുകാർക്ക് കരച്ചിൽ അടക്കിപ്പിടിക്കാനായില്ല. പ്രിയപ്പെട്ടവരെ അവസാനമായൊന്നു കാണാൻ എല്ലാവരും എത്തിയിരുന്നു.
രാത്രി വൈകി മുട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഷെരീഫിന്‍റെ മൃതദേഹം ഖബറടക്കി. അമ്മിണിയുടെ മൃതദേഹം ചുള്ളിമൂല കോളനിക്ക് സമീപമുള്ള സ്ഥലത്ത് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

