വയനാടൻ രാഹുൽ ഗാഥ
text_fieldsഅക്ഷന്തവ്യമായ അപരാധം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഇക്കഴിഞ്ഞ 16ാം തീയതി മുതൽ കോൺഗ്രസ് പ്രഖ്യാപിച്ചു തുടങ്ങിയതാണ് കേരളത്തിലെ സ്ഥാനാർഥി പട്ടിക. തീയതി 27 ആയി. ആകെയുള്ള 16ൽ രണ്ടു സീറ്റ് ഇനിയും ബാക്കി. തലൈവരും ഉപ തലൈവന്മാരും ചേർന്ന് സംഗതി കുളമാക്കിയെന്ന് പറഞ്ഞാൽ കഴിഞ്ഞു.
തട്ടുകേടില്ലാതെ കളത്തിലിറങ്ങാം എെന്നാരവസ്ഥ വരെ കൊണ്ടെത്തിച്ച ശേഷമാണ് ഇൗ ദുരവസ്ഥ. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കും പോൽ! ആനന്ദ ലബ്ധിക്ക് ഇനിയെന്തു വേണം എന്ന് ചിന്തിച്ചു ബോധം കെട്ട് മറിഞ്ഞു വീണവരുണ്ട്. പക്ഷേ, സംഗതി സംഭവിക്കുന്നില്ല. അതിനേക്കാൾ പ്രശ്നം, ഇനിയെങ്ങാൻ രാഹുൽ ഗാന്ധി വന്നില്ലെങ്കിൽ എങ്ങനെ വോട്ടു ചോദിക്കുമെന്നാണ്. മത്സരിക്കേണ്ട എന്നാണ് തീരുമാനമെങ്കിൽ, ആ ഹൈകമാൻഡ് ഇനി കേരളത്തിൽ പ്രചാരണത്തിന് എങ്ങനെ ഇറങ്ങുമെന്നാണ്.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ പോകുന്നുവെന്ന് ആദ്യം ആരാണ് വിളിച്ചു പറയുന്നതെന്ന മത്സരത്തിൽ ഒന്നാമനായത് ഉമ്മൻചാണ്ടിയത്രേ. തൊണ്ട അത്ര ശരിയല്ലെങ്കിലും, തൊണ്ട പൊട്ടുമാറുച്ചത്തിൽ ഏറ്റവുമാദ്യം വിളിച്ചു പറയാൻ അദ്ദേഹത്തിന് സാധിച്ചു.
തൊട്ടു പുറകിലായി ഫിനിഷ് ചെയ്യുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജയിച്ചപ്പോൾ, കടത്തനാടൻ അങ്കക്കളത്തിൽ പയറ്റിത്തെളിഞ്ഞ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ഡൽഹിയിൽ നിന്ന് വിളിയെത്തിയെന്നു തിടുക്കത്തിൽ വിളിച്ചു പറയാൻ ഘടാഘടിയന്മാരായ ഘടകകക്ഷി നേതാക്കളും മത്സരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും സ്വാഗതം ചെയ്തു. ഇത്രത്തോളമെത്തിയാൽ മാധ്യമങ്ങൾക്കുണ്ടോ സംശയിക്കേണ്ട കാര്യം? സംശയം തീരാൻ ഇത്രത്തോളം എത്തേണ്ട കാര്യം പോലുമില്ല.
ഇതിനെല്ലാമിടയിൽ, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്നൊരു സ്റ്റോറി നേരത്തെ കാച്ചാൻ കഴിഞ്ഞവർ സ്റ്റാറായി. ഹൈകമാൻഡിൽ പിടിയുള്ള നേതാക്കൾ ഇമ്മാതിരി വിടുവായത്തം കാച്ചുമോ? രാഹുലിെൻറ പേരു ചീത്തയാക്കുന്നത്ര ഗ്രൂപ്പു കളിക്കുമോ? പക്ഷേ, സംഗതി സംഭവിക്കുന്നില്ല. ഇനി സംഭവിച്ചാൽ കഷ്ടിച്ച് പിടിച്ചു നിൽക്കാം. സംഭവിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, തലയിൽ മുണ്ടിടാതെ വോട്ടു ചോദിക്കാൻ പറ്റാത്തത്ര ഉറക്കെയാണ് ടി. സിദ്ദീഖ് പിന്മാറ്റം പ്രഖ്യാപിച്ചു പൊട്ടിച്ചിരിച്ചത്. ഹൈകമാൻഡിൽ വലിയ പിടിപാടുള്ള നേതാക്കളെ പട്ടിക വൈകുന്നതിനിടയിൽ കാൺമാനില്ല. മിണ്ടാട്ടം കേൾക്കാനുമില്ല. സൂര്യാതപം മുൻനിർത്തി പുറത്തിറങ്ങാത്തതാണത്രേ.
വയനാട്ടിൽ പുലിയിറങ്ങി, മാവോയിസ്റ്റ് ഇറങ്ങി എന്നൊക്കെയായിരുന്നു ഇതുവരെ വാർത്തകൾ. രാഹുൽ ഗാന്ധി ഇറങ്ങിയ കഥ കാലം ചെല്ലുേമ്പാൾ പാണന്മാർ പാടി നടക്കുമോ, എന്തരോ എന്തോ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
