ഓഫിസ് ആക്രമിച്ചത് കുട്ടികൾ; അവരോട് ദേഷ്യമില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsഎസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത കൽപറ്റയിലെ എം.പി. ഓഫിസ് രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ
കൽപറ്റ: കൽപറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ കുട്ടികളോട് ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവർ കാണിച്ചതെന്നും രാഹുൽ ഗാന്ധി. തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ല -അദ്ദേഹം വ്യക്തമാക്കി. എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത ഓഫിസ് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
തന്റെ ഓഫിസ് എന്നതിലുപരി വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാവേണ്ട ഓഫിസാണ് ആക്രമിക്കപ്പെട്ടതെന്നത് ദൗർഭാഗ്യകരമാണ്. ഇതിനെ വലിയ സംഭവമായി കാണുന്നില്ല. ഇത്തരം പ്രവൃത്തികളുടെ അനന്തരഫലം എന്താവുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവില്ല. അവർക്ക് മാപ്പ്കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് മണ്ഡലത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് ഓഫിസിലെത്തിയത്. മാനന്തവാടിയിലെ ബാങ്ക് കെട്ടിടോദ്ഘാടന ചടങ്ങിനുശേഷം കലക്ടറേറ്റിൽ ദിശ, എം.പി ഫണ്ട് അവലോകന യോഗങ്ങളിൽ പങ്കെടുക്കാൻ പോവുന്നതിനിടെയാണ് സിവിൽ സ്റ്റേഷനിൽനിന്ന് അധികം വിദൂരത്തല്ലാത്ത തന്റെ ഓഫിസ് സന്ദർശിച്ചത്.
10 മിനിറ്റോളം ചെലവഴിച്ച അദ്ദേഹം, ആക്രമണത്തിനിടെ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ ഓഫിസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പള്ളി, ഓഫിസിനു പുറത്തു സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകർ എന്നിവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു.