രാഹുൽ ഗാന്ധിയുടെ പ്രസംഗം: മൂന്ന് മണിക്കൂർ ചർച്ചയിൽ ഒമ്പത് മിനിറ്റ് പുറത്തുവിട്ടു, ബാക്കി കോൺഗ്രസ് മറച്ചുവെച്ചു -ജോൺ ബ്രിട്ടാസ് എം.പി
text_fieldsന്യൂഡൽഹി: ഇൻഡ്യാ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പുറത്തുവിട്ടതിൽ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എം.പി. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ ഒമ്പത് മിനിറ്റ് മാത്രം പുറത്തുവിട്ടെന്നും ബാക്കി 95 ശതമാനം ചർച്ചകളും കോൺഗ്രസ് മറച്ചുവെച്ചുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്കാവില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമടക്കം ചർച്ചയായ സാഹചര്യത്തിലാണ് പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എത്തിയത്.
പിണറായിയെ ആലിംഗനം ചെയ്യാനാകില്ലെന്ന് പറയുമ്പോൾ രാഹുൽ ഗാന്ധി ആരെയൊക്കെയാണ് മുമ്പ് ആലിംഗനം ചെയ്തുവെന്ന ചിത്രം ഓർമയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭയ്ക്കുള്ളിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ആലിംഗനം ചെയ്യുന്നത് ആഘോഷിക്കപ്പെട്ടില്ലേ. ആർ.എസ്.എസിന്റെ പ്രധാനപ്പെട്ട കുന്തമുനയായ മോദിയെ എങ്ങനെ രാഹുലിന് ആലിംഗനം ചെയ്യാൻ സാധിച്ചുവെന്ന ചോദ്യമടക്കം ഇൻഡ്യാ മുന്നണി യോഗത്തിൽ ഉയർന്നിരുന്നുവെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
യോഗത്തിൽ മറ്റു നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് പുറത്തുവിടാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ സർട്ടിഫിക്കറ്റ് സി.പി.എമ്മിന് ആവശ്യമില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
ഇൻഡ്യാ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചടക്കം രാഹുൽ ഗാന്ധി പ്രസംഗത്തിൽ തുറന്നുപറഞ്ഞിരുന്നു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അതിന് തയാറല്ലെന്നും രാഹുൽ വ്യക്തമാക്കി. അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം ഇൻഡ്യാ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ വീക്ഷണങ്ങളോട് കോൺഗ്രസ് വിയോജിക്കുന്നു. തല വെട്ടേണ്ടി വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർ.എസ്.എസിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

