എന്തുകൊണ്ട് ഇ.ഡി പിണറായിയെ ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsവണ്ടൂർ: കേരളത്തിൽ സി.പി.എം ബി.ജെ.പിയുമായി ധാരണയിലാണെന്നും ഇത് ബി.ജെ.പിയെ വളരെ സന്തോഷിപ്പിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി എം.പി. ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂരിൽ കോൺഗ്രസ് മഹാസംഗമ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.
ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ഇ.ഡി കേരളത്തിലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ചോദിച്ചു. ബി.ജെ.പിയെ ആരെങ്കിലും എതിർക്കാൻ ശ്രമിച്ചാൽ അവർക്ക് ഇ.ഡിയെ നേരിടേണ്ടിവരും. താൻ എതിർക്കുന്നത് കുറഞ്ഞു പോയതു കൊണ്ടാണോ ഇ.ഡി ചോദ്യംചെയ്യൽ അഞ്ചു ദിവസം മാത്രമാക്കിയതെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
രാജ്യത്തെ രക്ഷപ്പെടുത്താൻ അവസാനം കോൺഗ്രസ് തന്നെ വരേണ്ടിവരും. ബി.ജെ.പി സർക്കാർ രാജ്യത്തെ തകർക്കുകയാണ്. അവർക്ക് ഗുണം ലഭിക്കുന്ന പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാറുകളാണ് നിലവിലുള്ളത്.
ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ ശബ്ദിച്ചാൽ അവരെ ഇല്ലായ്മ ചെയ്യാനും ജനങ്ങളെ പീഡിപ്പിച്ച് നിശ്ശബ്ദരാക്കാനുമുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നടക്കുന്ന യഥാർഥ പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് വയനാട്ടിൽ എം.പി ഓഫിസ് തകർത്തത്. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. വേണുഗോപാൽ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, പി.സി. വിഷ്ണുനാഥ്, ജെബി മേത്തർ എം.പി, എ.പി. അനിൽ കുമാർ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, അഡ്വ. മോഹനക്കുറുപ്പ്, ടി.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയിലും സ്ത്രീകളടക്കം ആയിരങ്ങളാണ് ചടങ്ങിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

