വനിത അംഗങ്ങൾക്ക് നേരെ സഭയിൽ ആക്രമണമുണ്ടാവുന്നത് ചരിത്രത്തിലാദ്യമെന്ന് രാഹുൽ ഗാന്ധി; പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പെഗസസ്, കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടി അംഗങ്ങൾ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ്, ശിവസേന തുടങ്ങി പ്രമുഖ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളെല്ലാം മാർച്ചിൽ പങ്കെടുത്തു.
കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളുമായാണ് പ്രതിപക്ഷ പ്രതിഷേധം. പെഗസസ്, പണപ്പെരുപ്പം, കർഷക പ്രശ്നം എന്നിവ പാർലമെന്‍റിൽ ഉയർത്തിയിരുന്നു. എന്നാൽ, ഞങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ല അതിനാലാണ് ഇവിടെ വന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്‍റിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് വനിത അംഗങ്ങൾക്കെതിരെ ആക്രമണം നടക്കുന്നത്. സഭ നിയന്ത്രിക്കുകയാണ് അധ്യക്ഷന്‍റെ ചുമതലയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ പാർലമെന്‍റിൽ അവസരം ലഭിച്ചില്ല. കഴിഞ്ഞ ദിവസം സ്ത്രീ അംഗങ്ങൾക്കെതിരെയുണ്ടായ മോശം പെരുമാറ്റം ജനാധിപത്യത്തിന് എതിരാണ്. പാകിസ്താൻ അതിർത്തിയിലാണ് നിൽക്കുന്ന തോന്നലാണ് തനിക്കുണ്ടാവുന്നതെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പ്രതികരിച്ചു.
അതേസമയം, രാജ്യസഭ ഉപാധ്യക്ഷൻ വെങ്കയ്യ നായിഡുവുമായി പ്രതിപക്ഷ എം.പിമാർ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാവും എം.പിമാർ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

