കേരളത്തിൽ സി.ജെ.പി (സി.പി.എം-ബി.ജെ.പി) സഖ‍്യം; കേന്ദ്ര, സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
text_fieldsതിരുവനന്തപുരം: യു.ഡി.എഫിന്‍റെ പുതുയുഗ യാത്രയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡി നടപടിയെടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പി, സി.പി.എം തമ്മിലുള്ള ബന്ധത്തെ 'സി.ജെ.പി' എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി സി.പി.എമ്മിന് ഇപ്പോൾ കമ്യൂണിസ്റ്റ് സ്വഭാവമില്ലെന്നും അവർ കോർപറേറ്റുകളെ സഹായിക്കുകയാണെന്നും കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ കാർഷിക മേഖല അമേരിക്കക്ക് മുന്നിൽ തുറന്നുകൊടുത്ത് രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദി ട്രംപിന് നൽകിയ വാഗ്ദാനം ഊർജ സുരക്ഷ അപകടത്തിലാക്കി എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പശ്ചിമേഷ‍്യന്‍ സംഘർഷത്തെക്കുറിച്ചുള്ള ആശങ്ക രാഹുൽ ഗാന്ധി പ്രകടിപ്പിച്ചു. ഗൾഫ് മേഖലയിലുള്ളവർ ആശങ്കാകുലരാണ്, നിലവിലെ ആഗോള സാഹചര്യം ഏറെ അപകടകരമാണ് -അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിനിടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു.
`കേരളത്തെ വീണ്ടെടുക്കാനെന്ന' മുദ്രാവാക്യവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ച് വമ്പന്‍ വാഗ്ദാനങ്ങളും അദ്ദേഹം പ്രഖ‍്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

