'ബഹുമാനപ്പെട്ട ഗവർണറേ.., അത് നമ്മുടെ ഭാരത് മാതാവല്ല, കാവിയല്ല, ത്രിവർണ പതാകയാണ് ഭാരതാമ്മയുടെ കൈകളിൽ വേണ്ടത്'; രാഹുൽ ഈശ്വർ
text_fieldsതിരുവനന്തപുരം: രാജ്ഭവൻ സെൻട്രൽ ഹാളിൽ സ്ഥാപിച്ച കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ.
ബഹുമാനപ്പെട്ട ഗവർണറെ നമ്മുടെ ഭാരതമാതാവ് കാവിക്കൊടി കൈയിലേന്തിയതല്ല, ത്രിവർണ പതാക കൈയിലേന്തിയതാണെന്ന് മനസിലാക്കൂവെന്നായിരുന്നു രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞത്. കാവികൊടിയേന്തിയ ഭാരതമാതാവ് ആർ.എസ്.എസുകാർ കൊണ്ടു നടക്കുന്നതാണെന്നും ത്രിവർണപതാകയേന്തിയ ഭാരതമാതാവിനെയാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് കാവിയായിരുന്ന ദേശീയ പതാക ത്രിവർണ പതാകയിലേക്ക് മാറാനുണ്ടായ സാഹചര്യവും ചരിത്രവും വിശദീകരിച്ചാണ് രാഹുലിന്റെ വിഡിയോ.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ച ലോകപരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി സർക്കാർ ബഹിഷ്കരിച്ചതാണ് വിഷയം വിവാദമായത്. സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്ന് പറഞ്ഞാണ് മന്ത്രി പി.പ്രസാദ് ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.
തുടർന്ന്, സ്വന്തംനിലക്ക് രാജ്ഭവൻ പരിപാടി സംഘടിപ്പിച്ചു. ആർ.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടി മാറ്റി ത്രിവർണപതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കണമെന്നായിരുന്നു സർക്കാർ നിലപാട്.
ഈ നിർദേശം ഗവർണർ അംഗീകരിച്ചില്ല. മാത്രമല്ല, രാജ്ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ട് ഗവർണർ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽനിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്നുമാണ് ഗവര്‍ണർ അടിവരയിടുന്നത്. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുള്ളതെന്ന ചോദ്യവും ഗവര്‍ണർ ഉന്നയിക്കുന്നു. സർക്കാർ നിലപാടിനെ ഗവർണർ പരസ്യമായി തള്ളി.
എന്നാൽ, ഗവര്‍ണറല്ല ആരു പറഞ്ഞാലും ആർ.എസ്.എസിനെ ആരാധിക്കാന്‍ സര്‍ക്കാരിനെ കിട്ടില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് വ്യക്തമാക്കി. രാജ്ഭവന്‍ ബഹിഷ്‌കരിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ, കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും പ്രസാദ് വ്യക്തമാക്കി.
ചിത്രം എടുത്ത് മാറ്റില്ല എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി കഴിഞ്ഞു. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസം വരെ രമ്യതയിലായിരുന്നു സര്‍ക്കാരും രാജ്ഭവനും മുന്നോട്ടു പോയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെടുകയും, കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തതോടെയാണ് വീണ്ടും ഭിന്നതയിലേക്ക് സർക്കാറും ഗവർണറും എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

