'നിയമസഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടു, ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര മൂന്ന് ഒപ്ഷനുകൾ'; മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഈശ്വർ
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂരോ തിരുവല്ലയിലോ കൊട്ടാരക്കരയിലോ മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി തന്നോട് ചോദിച്ചിരുന്നതായി രാഹുൽ ഈശ്വർ. ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
മഹാത്മാഗാന്ധിയുടെ പാതയിൽ ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ ഐക്യമാണ് ലക്ഷ്യമെന്നും ആ രീതിയിൽ ഒരു സ്പേസ് കിട്ടിയാൽ മത്സരിച്ചേക്കുമെന്നും രാഹുൽ പറയുന്നു. തന്നെ സമീപിച്ച രാഷ്ട്രീയ പാർട്ടി ഏതെന്ന് പറയാൻ തയാറായില്ലെങ്കിലും കോൺഗ്രസ് ജയിച്ച് അധികാരത്തിൽ വരണമെന്നാണ് താൽപര്യമെന്ന് രാഹുൽ ഈശ്വർ പറയുന്നു.
അതേസമയം, ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് അതിജീവിത വീണ്ടും രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും സാമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചുവെന്നും കാണിച്ചാണ് പരാതി.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അതിജീവിത പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. ഇതേ നതുടർന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ. ഈ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ അതിജീവിതയെ അവഹേളിച്ച കേസിൽ അറസ്റ്റിലായി 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചിരുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ രാഹുല്‍ ഈശ്വര്‍ അതിജീവിതയുടെ നേർക്ക് സൈബറാക്രമണത്തിന് വീണ്ടും സാഹചര്യം ഒരുക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചു എന്നാണ് പുതിയ പരാതി. അതിജീവിതയെ അവഹേളിക്കരുത് എന്ന വ്യവസ്ഥയിലുള്‍പ്പെടെ ആയിരുന്നു കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ അവഹേളിക്കുന്ന രീതിയിൽ പ്രതികരണം നടത്തിയിരുന്നു.
യുവതിയുടെ ഭര്‍ത്താവായിരുന്ന യുവാവാണ് യഥാര്‍ഥ ഇര എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഫേസ് ബുക്കിലൂടെ രാഹുൽ ഈശ്വർ പ്രതികരിച്ചിരുന്നു. പോസ്റ്റില്‍ അതിജീവിതയെ വ്യാജ പരാതിക്കാരി എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. ഇതുകൂടാതെ അധിക്ഷേപിക്കുന്ന രീതിയിൽ മറ്റ് പരാമർശങ്ങളും നടത്തി.
രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം മേധാവിക്കാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. അതിജീവിത നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസിനാന് കൈമാറി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

