‘ആഹാരം കഴിച്ചോളാം...’; കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ
text_fieldsതിരുവനന്തപുരം: കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ജയിലില്‍ നിരാഹാരം കിടക്കുന്നതിന് വിമർശനം നേരിട്ടതോടെയാണ് ആഹാരം കഴിക്കാമെന്ന് രാഹുല്‍ അറിയിച്ചത്.
നിരാഹാരം പൊലീസിനെ സമ്മർദത്തിലാക്കാനാണ്. അനുവദിച്ചാൽ മറ്റ് തടവുകാരും ഇത് ആവർത്തിക്കുമെന്നും കോടതി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിലാണ് രാഹുൽ ജയിലിൽ കഴിയുന്നത്. അന്വേഷണത്തോട് സഹകരിക്കാത്ത ഒരു വ്യക്തിക്ക് ജാമ്യം നൽകുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാല് ജാമ്യം തള്ളിയത്.
ഇത് രണ്ടാം തവണയാണ് രാഹുലിന്‍റെ ജാമ്യം തള്ളുന്നത്. കഴിഞ്ഞദിവസം കേസില്‍ ജില്ല പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയില്‍ ഒരു അഭിഭാഷകനെ കൊണ്ടും അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മറ്റൊരു അഭിഭാഷകനെ കൊണ്ടും ജാമ്യ ഹരജി ഫയല്‍ ചെയ്തത് ശനിയാഴ്ച പരിഹരിക്കുകയും കോടതിയിൽ ക്ഷമ ചോദിക്കുകയും ചെയ്തു. ഏഴു ദിവസമായി രാഹുൽ ജയിലിലാണ്. പരാതിക്കാരിയായ യുവതിയെ അധിക്ഷേപിച്ചിട്ടില്ലെന്ന രാഹുൽ ഈശ്വറിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിൽ വിട്ടാൽ കുറ്റം ആവര്‍ത്തിക്കും. പ്രോസിക്യൂഷൻ വാദത്തിൽ കഴമ്പുണ്ട്. കസ്റ്റഡിയിൽ കഴിയുമ്പോഴും രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ അത് മാറ്റാന്‍ തയാറാണെന്ന് രാഹുലിന്‍റെ അഭിഭാഷകൻ അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ എല്ലാം കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. ജാമ്യഹരജി പോലും നിയമവിരുദ്ധമായ സാഹചര്യത്തില്‍ പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണവുമായി പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ് വേഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടർന്നാണ് ഹരജി തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. അരുൺ ഹാജരായി.
അതേസമയം, രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കി. നിരാഹാരത്തെ തുടര്‍ന്ന് കൂടുതല്‍ സമയവും ആശുപത്രിയിലായതിനാല്‍ വേണ്ട രീതിയില്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

