മുഖ്യമന്ത്രി ശ്രമിച്ചത് തെരഞ്ഞെടുപ്പ് കഴിയുംവരെ ജയിലിലിടാനെന്ന് രാഹുൽ ഈശ്വർ; ‘കള്ളത്തരത്തെ സത്യം കൊണ്ട് മാത്രമേ വിജയിക്കാനാകൂ’
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതിയിൽ തന്നെ തെരഞ്ഞെടുപ്പ് കഴിയും വരെ ജയിലിലിടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചതെന്ന് രാഹുൽ ഈശ്വർ. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മറച്ചു പിടിക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പീഡനപരാതി ഉയർത്തിക്കൊണ്ടുവന്നത്. താൻ സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ ശക്തമായി രംഗത്തു വരുമെന്ന് മുഖ്യമന്ത്രിക്കറിയാം. അതുകൊണ്ടാണ് തന്നെ അകത്തിട്ടത്.
വ്യാജ പരാതിയിലാണ് കേസെടുത്തത്. അറസ്റ്റിന് മുമ്പ് തനിക്ക് നോട്ടിസ് നൽകിയില്ല. ജയിലിലെ നിരാഹാരം പുരുഷ കമീഷന് വേണ്ടിയായിരുന്നു. കള്ളത്തരത്തെ സത്യം കൊണ്ട് മാത്രമേ വിജയിക്കാനാകൂവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് റിമാൻഡിലായ രാഹുല്‍ ഈശ്വറിന് 16 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.
കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ തെളിവെടുപ്പ് പൂർത്തിയായതായും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അന്വേഷണസംഘം കോടതിയിൽ അറിയിച്ചതിനെ തുടർന്ന് രാഹുൽ ഈശ്വറിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു.
രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് 16 ദിവസമായി രാഹുല്‍ റിമാന്‍ഡിലായിരുന്നു. തുടക്കത്തിൽ ജയിലില്‍ നിരാഹാരസമരം നടത്തിയ രാഹുല്‍ പിന്നീട് നിർത്തി. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ നവംബർ 30നാണ് രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

