മുകേഷിനും രാഹുലിനുമെതിരെ കള്ളക്കേസെന്ന് രാഹുൽ ഈശ്വർ; ‘ഇന്നലെ ഊൺ പോലും കഴിക്കാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി കാമ്പയിൻ ചെയ്തത്’
text_fieldsകൊച്ചി: സി.പി.എം എം.എൽ.എ മുകേഷിനും കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനും എതിരെയുള്ള പീഡനക്കേസ് കള്ളക്കേസാണെന്ന് തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. എൽദോസ് കുന്നപ്പള്ളിക്കെതിരെ വ്യാജപരാതി കൊടുത്ത പെൺകുട്ടിക്ക് 49 ക്രിമിനൽ കേസുകൾ ഉണ്ടെന്ന് ഹൈക്കോടതിയുടെ വിധിയിലുണ്ട്. പീഡനക്കേസ് നേരിടുന്ന മുകേഷിനും എൽദോസ് കുന്നപ്പള്ളിക്കും അനുകൂലമായി കോടതിയിൽനിന്ന് നിരീക്ഷണങ്ങൾ ഉണ്ടെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പലതും പച്ചകള്ളമാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ‘വിവാഹബന്ധം നാലു ദിവസമേ ഉണ്ടായിരുന്നുള്ളൂ, ഒരു മാസത്തിന് ശേഷം വിവഹമോചനം നടന്നു എന്ന് അതിജീവിത പറയുന്നത് പച്ചക്കള്ളമാണ്. വിവാഹം കഴിഞ്ഞ് അടുത്ത വർഷം ജനുവരി എട്ടിനും സ്കൂൾ കലോത്സവത്തിനും ആ പെൺകുട്ടിയും ഭർത്താവും സന്തോഷത്തോടെ നിൽക്കുന്ന ചിത്രങ്ങളടക്കം ധാരാളം തെളിവുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. നിയമപരമായ കാരണങ്ങളാൽ ജനങ്ങളെ കാണിക്കാൻ പറ്റാത്ത ഒരുപാട് തെളിവുകൾ എന്റെ കൈയിൽ ഉണ്ട്. ഈ പെൺകുട്ടിയുടെ ഭർത്താവ് ഏത് പാർട്ടിക്കാരനാണെന്നും ഈ പെൺകുട്ടി ഏതു മാധ്യമത്തിന്റെ ചാനലിലാണ് ജോലി ചെയ്യുന്നത് എന്നത് പോലും ഞാൻ പറയില്ല.
ഇന്നലെ എന്റെ ജന്മദിനമായിരുന്നു. രാവിലെ തൊട്ട് വൈകീട്ട് വരെ ഊണുപോലും കഴിക്കാതെ സമയം മാറ്റിവെച്ച് രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി കാമ്പയിൻ ചെയ്യുകയായിരുന്നു. അതിന്റെ ക്രെഡിറ്റ് കോൺഗ്രസുകാർക്ക് കൊടുക്കരുത്. ഞാനാണ് ബുദ്ധിമുട്ടി കാമ്പയിൻ ചെയ്തത്. എന്റെ കാമ്പയിന്റെ ശക്തി അറിയില്ലെങ്കിൽ മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി. ശബരിമല കേസിൽ അപ്പുറത്ത് നാലംഗ സുപ്രീം കോടതി ബെഞ്ചും മുഖ്യമന്ത്രിയും പൊലീസുകാരും ഉണ്ടായിട്ട് പോലും സർക്കാർ തോറ്റു പോയത് ഞങ്ങളെപ്പോലെ സത്യം പറയുന്നവർ ഉള്ളതുകൊണ്ടാണ്.
മാങ്കൂട്ടത്തിലിന് വേണ്ടി പെയ്ഡ് പിആർ വർക്കൊന്നുമല്ല ചെയ്യുന്നത്. നിങ്ങൾ എംഎൽഎമാർക്ക് അഞ്ചു വർഷം കിട്ടുന്ന കാശ് എനിക്ക് ഒരു വർഷം ക്രെഡിറ്റ് കാർഡിന്റെ ബില്ല അടയ്ക്കാൻ പോലും തികയില്ല. ഈ നാട്ടിൽ സത്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരുണ്ട്. കോൺഗ്രസും ബിജെപിയും കമ്മ്യൂണിസ്റ്റുമായ സാധാരണക്കാരുണ്ട്. അവരാണ് ഞങ്ങളെ പിന്തുണക്കുന്നത്. കള്ളകേസെടുത്ത് ജയിലിൽ അടച്ച സ്റ്റീഫൻ നെടുമ്പള്ളി തിരിച്ചു വന്നതുപോലെ നമ്മുടെ രാഹുൽ മാങ്കൂട്ടത്തിലും തിരിച്ചു വരും’ -രാഹുൽ ഈശ്വർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

