‘കുട്ടയിലെ ഒരു മാങ്ങ കെട്ടുപോയാൽ മാങ്ങ മുഴുവൻ കെട്ടതാകുമോ?; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സ്പീക്കർ
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയസഭാ സാമാജികരിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. രാഹുലിനെ അയോഗ്യനാക്കണമെന്ന് അഭ്യർഥിച്ച് വ്യക്തികളുടെ പരാതി ഇ-മെയിലായി ലഭിക്കുന്നുണ്ട്.
പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് സ്പീക്കർ പരാതി കൈമാറണമെങ്കിൽ എം.എൽ.എമാർ പരാതി നൽകണം. അത് ലഭിച്ചാൽ എത്തിക്സ് കമ്മിറ്റി പരിശോധിച്ചശേഷം തീരുമാനമെടുക്കാം. നിയമ പ്രശ്നങ്ങളുള്ളതിനാൽ സൂക്ഷിച്ച് തീരുമാനമെടുക്കേണ്ട വിഷയമാണിത്. മുൻകാലങ്ങളിൽ ഇങ്ങനെയൊരു സംഭവം നമ്മുടെ മുന്നിലില്ല.
സ്പീക്കർക്ക് അനുവദിച്ച അധികാരമേ ഉപയോഗിക്കാനാവൂ. ലെജിസ്ലേച്ചറിനും എക്സിക്യുട്ടിവിനുമൊക്കെ അതിന്‍റേതായ അധികാരങ്ങളുണ്ട്. ഒന്നിന് മറ്റൊന്നിലേക്ക് കടന്നുകയറാനാവില്ല. രാഹുൽ വിഷയംമൂലം നിയമസഭയുടെ അന്തസിന് കളങ്കമുണ്ടായിട്ടില്ല. വ്യക്തികളുടെ വിഷയമാണത്. നിർഭാഗ്യവശാൽ ചില തെറ്റായ ശീലങ്ങൾ ചില സാമാജികരിൽ നിന്ന് ഉണ്ടായി. അത് അംഗീകരിക്കാനാവില്ല.
‘കുട്ടയിലെ ഒരു മാങ്ങ കെട്ടുപോയാൽ മാങ്ങ മുഴുവൻ കെട്ടതാകുമോ?. ഒരാളുടെ പെരുമാറ്റത്തിന്‍റെ പേരിൽ എല്ലാവരും ഇങ്ങനെയാണെന്ന് പ്രചരിപ്പിക്കരുത്. ഇത്തരക്കാരെ സമൂഹം ബഹിഷ്കരിക്കണം. സ്ഥാനങ്ങൾ വഹിക്കുന്നവർ കാത്തുസൂക്ഷിക്കേണ്ട മാന്യതയുണ്ട്. അത് പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു.
രാഹുലിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎയെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ 408-ാം നമ്പവർ മുറി രാഹുൽ തിരിച്ചറിഞ്ഞു. ഹോട്ടലിലെത്തിയത് യുവതിയുമായി സംസാരിക്കാനെന്നാണ് രാഹുൽ അന്വേഷണ സംഘത്തോട് പറഞ്ഞത്.
എന്നാൽ ബലാത്സംഗം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. ഹോട്ടലിലെ രജിസ്റ്ററിൽ ‘രാഹുൽ ബി.ആർ’ എന്നാണ് പേര് നൽകിയത്. ഇത് നിർണായക തെളിവാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ഇന്ന് അതിരാവിലെയാണ് രാഹുലിനെ ഹോട്ടലിൽ എത്തിച്ചത്. 15 മിനിറ്റിൽ തെളിവെടുപ്പ് പൂർത്തിയാക്കി രാഹുലിനെ എ.ആർ ക്യാമ്പിൽ തിരികെ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കനത്ത പൊലീസ് സുരക്ഷയിൽ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പുറത്തേക്കിറക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനുനേർക്ക് പ്രതിഷേധക്കാർ ചീമുട്ടയെറിഞ്ഞിരുന്നു. എം.എൽ.എ സ്ഥാനം രാജിവെക്കാതെ രാഹുലിനെ പുറത്തേക്കിറങ്ങാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് യുവജന സംഘനടകൾ.
അതേസമയം, രാഹുലിനെ പാലക്കാട് എത്തിച്ച് തെളിവെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം. പാലക്കാട്ടെ കെ.പി.എം ഹോട്ടൽ മുറിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഒരു ഫോൺ ശാസ്ത്രീയ പരശോധനക്ക് അയക്കും. രാഹുൽ താമസിച്ചിരുന്ന 2002ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്സനൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്. എന്നാൽ ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

