പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്തയാളെ പാലക്കാട്ടെ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നു; ഇത് കോൺഗ്രസിന്റെ ഒത്തുകളി -എം.ബി രാജേഷ്
text_fieldsഎം.ബി രാജേഷ്, രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സ്ത്രീകൾക്ക് അശ്ലീല സന്ദേശം അയക്കുകയും മോശമായി സംസാരിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നതിന്റെ പേരിൽ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുകയാണ് കോൺഗ്രസ് എന്ന് മന്ത്രി എം.ബി രാജേഷ്. രാഹുലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ നടപടി സംബന്ധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ പ്രാഥമിക അംഗത്തിന് പോലും യോഗ്യനല്ലത്ത ഒരാളെ പാലക്കാട്ടെ ജനങ്ങളുടെ മേൽ എം.എൽ.എയായി അടിച്ചേൽപിക്കുന്നതാണ് കോൺഗ്രസ് നിലപാടെന്ന് എം.ബി രാജേഷ് വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം എം.എൽ.എക്കുവേണ്ടി ഒത്തുകളിക്കുകയാണ്. ആരോപണം ഉയർന്നതിനു പിന്നാലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനാണ് ഈ സസ്പെൻഷൻ നടപടി. ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു എന്ന് പറയുമ്പോൾ, എം.എൽ.എ സ്ഥാനത്ത് തുടരാൻ അനുവാദം നൽകുന്നു. ഈ ആരോപണങ്ങൾ നേരത്തെ ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു എന്നാണ് ആരോപണമുന്നയിച്ച പെൺകുട്ടി പറഞ്ഞത്. എന്നാൽ, ഇത് അവഗണിച്ച് എം.എൽ.എ സ്ഥാനം നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. വളർത്തികൊണ്ടുവന്നവർ തന്നെ ഇദ്ദേഹത്തെ എം.എൽ.എ ആയികൊണ്ട് സംരക്ഷിക്കുകയാണ് -എം.ബി രാജേഷ് തുറന്നടിച്ചു.
ഉമ തോമസ് എം.എൽ.എക്കെതിരായ വ്യക്തിഹത്യയെ ശക്തമായ അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ആരോപണമുയർന്നതിനു പിന്നാലെ അടുത്ത ദിവസം തന്നെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. എം.എൽ.എ സ്ഥാനത്തു നിന്നും രാജിവെക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവർ ഉൾപ്പെടെ ആവശ്യപ്പെട്ടത്. എന്നാൽ, രാജിയിലൂടെ പാലക്കാട് മണ്ഡലത്തിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കോൺഗ്രസ് എം.എൽ.എയുടെ രാജിയെന്ന ആവശ്യത്തിൽ നിന്നും പിൻവാങ്ങുകയാണ്. നിയമ സഭാ തെരഞ്ഞെടുപ്പിലേക്ക് എട്ടു മാസത്തിലേറെ കാലാവധി ബാക്കി നിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നായിരുന്നു കോൺഗ്രസിന് ലഭിച്ച നിയമോപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

