മരണാനന്തരവും നാടിന് കാവലായി സൈനികൻ; രാഹുൽ വിടവാങ്ങിയത്, ആറ് മനുഷ്യർക്ക് തണലായി
text_fieldsതിരുവനന്തപുരം: രാജ്യത്തിന് കാവലൊരുക്കിയ രാഹുൽ രാജീവ് (30) ഇനി ആറ് മനുഷ്യർക്ക് പുതുജീവനേകും. മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ചെയ്ത സൈനിക ഉദ്യോഗസ്ഥനാണ് വേർപാടിലും നാടിന്റെ പ്രണാമം ഏറ്റുവാങ്ങുന്നത്. കൊല്ലം കല്ലുവാതിൽക്കൽ പാമ്പുറം പടിഞ്ഞാറവിള വീട്ടിൽ രാജീവിന്റെയും സുനിതയുടെയും മകനാണ് രാഹുൽ രാജീവ്. രാഹുലിന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കൾ ദാനം ചെയ്തത്.
ഇതിൽ ഒരുവൃക്ക തിരുവനന്തപുരം എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ നിന്നും തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് ‘ഗ്രീൻ കോറിഡോർ’ ഒരുക്കിയാണ് എത്തിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ആംബുലൻസ് ഉച്ചക്ക് 1.37ന് തിരുവല്ല, പുഷ്പഗിരി ആശുപത്രിയിൽ എത്തി. പൊലീസിന്റെ ഏകോപനത്തിലൂടെയാണ് ദീർഘദൂര പാതയിൽ തടസ്സമില്ലാത്ത ഗ്രീൻ കോറിഡോർ യാത്ര സാധ്യമായത്.
മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രോഗിക്കും ലഭ്യമാക്കി. കരൾ തിരുവനന്തപുരം കിംസ് ഹെൽത്തിലേക്കും രണ്ട് നേത്രപടലങ്ങൾ തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്.
ഹിമാചൽ പ്രദേശിൽ സൈനികനായിരുന്ന രാഹുൽ നാട്ടിൽ അവധിക്ക് എത്തിയതായിരുന്നു. തുടർന്ന് തിരുവനന്തപുരം ഈഞ്ചക്കല്ലിലെ എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 11ന് രാത്രി 10 മണിയോടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവകൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. നേരത്തെ തന്നെ കെ-സോട്ടോ വഴി മരണാനന്തര അവയവദാനത്തിന് സമ്മതപത്രം നൽകി രജിസ്റ്റർ ചെയ്തിരുന്നു രാഹുൽ. രേവതിയാണ് ഭാര്യ. സഹോദരി: രേഷ്മ രാജീവ്. തീരാവേദനക്കിടയിലും മഹത്തായ അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തോട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

