'സസ്പെൻഷനിലായിക്കഴിഞ്ഞാൽ ഞാൻ വേറെ പാർട്ടിയാണോ?'; പാലക്കാട് കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കണ്ണാടിയിലെ കാഴ്ചപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്ന കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. എന്നാൽ, യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും പരിചയമുള്ള ആളുകളെ കാണുക മാത്രമാണ് ചെയ്തതെന്നുമാണ് രാഹുലിന്റെ പ്രതികരണം. ലൈംഗികാരോപണത്തിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
‘‘സസ്പെൻഷനിലായിക്കഴിഞ്ഞാൽ ഞാൻ വേറെ പാർട്ടിയാണോ? യോഗം നടന്നാലല്ലേ മറുപടി പറയാൻ പറ്റൂ. നടക്കാത്ത യോഗത്തെപ്പറ്റി എങ്ങനെ മറുപടി പറയാൻ സാധിക്കും. യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ പങ്കെടുത്തു എന്ന് പറയും. കൈ ചിഹ്നത്തിൽ ജയിച്ച എം.എൽ.എയാണ്. ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാർഥികളും ജയിക്കണമെന്ന് താൽപര്യമുള്ളയാളാണ്. അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും നടത്തും. പാലക്കാട് എന്നല്ല, ഏതു സ്ഥലത്തുവെച്ചും നല്ല യു.ഡി.എഫുകാരെ കണ്ടാൽ എന്തായി തെരഞ്ഞെടുപ്പ് എന്ന് ചോദിക്കും. തനിക്കുവേണ്ടി പ്രവർത്തിക്കണമെന്ന് ഏതെങ്കിലും സ്ഥാനാർഥി പറഞ്ഞാൽ അവിടെ ഒരു വീടുപോലും ഒഴിയാതെ കയറുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിനിർണയ ചർച്ച അനിശ്ചിതത്വത്തിലായ കണ്ണാടി പഞ്ചായത്ത് കോൺഗ്രസിന്റെ രഹസ്യ യോഗമായിരുന്നു നടന്നതെന്നാണ് റിപ്പോർട്ട്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തിരുന്നു. കോൺഗ്രസ് മണ്ഡലം നേതാക്കളായ പ്രസാദ്, ശെൽവൻ, വിനേഷ്, കരുണാകരൻ തുടങ്ങിയവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു. സസ്പെൻഷനിലുള്ള രാഹുൽ പാർട്ടി യോഗങ്ങളിൽനിന്ന് മാറിനിൽക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. ഇതുവരെ രാഹുലിന്റെ സസ്പെൻഷൻ കോൺഗ്രസ് പിൻവലിച്ചിട്ടില്ല.
കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ല -ഡി.സി.സി പ്രസിഡന്റ്
പാലക്കാട്: കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യോഗത്തിൽ പങ്കെടുത്തത് സംബന്ധിച്ച് അറിവില്ലെന്നും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. ഔദ്യോഗികമായി യോഗം അവിടെ നടന്നിട്ടില്ല. അതുവഴി പോയപ്പോൾ രാഹുൽ ഓഫിസിൽ കയറിയതാണ്. പഞ്ചായത്തിന്റെ വികസന കാര്യങ്ങൾക്കാണ് രാഹുൽ പോയത്. രാഹുലിനെ ആരും യോഗത്തിന് വിളിച്ചിട്ടില്ല. രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ കെ.പി.സി.സി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

