‘‘കുട്ടികൾക്ക് പുറംലോകത്തേക്ക് തുറക്കുന്ന ജാലകമാണ് മാതാവെന്ന് ഹൈകോടതി. പുറംലോകത്തെക്കുറിച്ച് ഒന്നുമറിയാതെ ജനിച്ചുവീഴുന്ന കുഞ്ഞിന് ലോകത്തെ പരിചയപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് മാതാവാണ്. മാതാവിനെ മാതൃകയാക്കിയാവും കുട്ടികൾ അവരുടെ ജീവിത കാഴ്ചപ്പാട് ഒരുക്കിയെടുക്കുന്നത്. മുതിരുേമ്പാൾ ചില കാഴ്ചപ്പാടുകൾ മാറിയേക്കാമെങ്കിലും കുഞ്ഞുനാളിൽ അമ്മയിൽനിന്ന് പഠിച്ചതെല്ലാം എന്നും മനസ്സിൽ അവശേഷിക്കും. മനുസ്മൃതിയിലും ഖുർആനിലുമടക്കം മതഗ്രന്ഥങ്ങളിലെല്ലാം പിതാവിനെക്കാളും മറ്റാരെക്കാളും സ്ഥാനം മാതാവിനാണ് നൽകിയത്’’ -രഹ്ന ഫാത്തിമയുടെ മുൻകൂർജാമ്യ ഹരജി തള്ളി പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിലാണ് രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹരജി തള്ളിയത്. പോക്സോ അടക്കം ഹരജിക്കാരിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കാത്തതാണെന്ന് വിലയിരുത്താൻ പ്രഥമദൃഷ്ട്യാ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ ഉത്തരവ്.
സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. ലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67 വകുപ്പുപ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പുപ്രകാരവുമാണ് കേസ്.