Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലഞ്ചേരിയെ വിചാരധാര...

ആലഞ്ചേരിയെ വിചാരധാര ഓർമിപ്പിച്ച് എ.എ.റഹീം

text_fields
bookmark_border
AA Rahim, Cardinal George Alencheri
cancel

നരേന്ദ്ര മോദി മികച്ച നേതാവാണെന്ന കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവനക്കു പിന്നാലെ, ക്രൈസ്തവരെ ആർ.എസ്.എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയിൽ എങ്ങനെയാണ് വിവരിച്ചിരിക്കുന്നതെന്ന് ഓർമിപ്പിച്ച്, ഡി.വൈ.എഫ്.ഐ നേതാവും എം.പിയുമായ എ.എ റഹീം.

‘ആഗോള കുതന്ത്രത്തിന്റെ ദല്ലാളുകൾ’ എന്നാണ് ക്രൈസ്തവരെ കുറിച്ച് വിവരിക്കുന്ന ​വിചാരധാരയുടെ ഒരു പേജിന്റെ തലക്കെട്ടു തന്നെയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ റഹീം വ്യക്തമാക്കുന്നു.

ക്രൈസ്തവർ മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂർത്തിമത്ഭാവങ്ങളായി തോന്നുമെങ്കിലും അവരുടെ പ്രവർത്തനങ്ങളുടെ പിന്നിലെ ലക്ഷ്യങ്ങളെന്താണെന്ന് വിചാരധാരയുടെ 283 മുതൽ 291 വരെയുള്ള പേജുകളിൽ വിവരിക്കുന്നുണ്ട്. ക്രൈസ്തവ സഭകൾക്കെതിരായ വിഷം തുപ്പുന്ന വാക്കുകൾ. ഹിന്ദു വിഭാഗത്തിനിടയിൽ,ക്രൈസ്തവർക്കെതിരെ ഭീതിയും വെറുപ്പും ഉൽപ്പാദിപ്പിക്കാൻ ഓരോ വാക്കിലും ഗോൾവാൾക്കർ ഈ പുസ്തകത്തിൽ ശ്രമിക്കുന്നുണ്ട്. ആർ.എസ്.എസ് ഈ ദിവസങ്ങളിൽ അഭിനയിച്ചു ഓവറാക്കുന്ന ക്രൈസ്തവ പ്രണയം വോട്ടിനു വേണ്ടിയുള്ള വെറും അശ്ലീല നാടകം മാത്രമാണെന്നും റഹീം വ്യക്തമാക്കുന്നു.

നരേന്ദ്രമോദി മികച്ച നേതാവാ​ണെന്നും അദ്ദേഹം ആരുമായും തർക്കത്തിന് പോകുന്നില്ലെന്നും ആലഞ്ചേരി പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രതിഛായ അന്താരാഷ്ട്രതലത്തിൽ ഉയർത്തുന്നതിന് മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ല. ബി.ജെ.പിക്ക് സമ്പൂർണ അധികാരം ലഭിച്ചാലും ക്രൈസ്തവർ അരക്ഷിതരാകുമെന്ന് കരുതാനാവില്ലെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആലഞ്ചേരി പറഞ്ഞിരുന്നു.

ഈ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ആർഎസ്എസിന്റെ സുവിശേങ്ങൾ

"ക്രൈസ്തവരെ സംബന്ധിച്ചാണെങ്കിൽ ബാഹ്യ നിരീക്ഷകന് അവർ തീരെ നിരുപദ്രവകാരികളായി മാത്രമല്ല;മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂർത്തിമത്ഭാവങ്ങളായി പോലും തോന്നും!

മനുഷ്യ വർഗ്ഗത്തെ ഉദ്ധരിക്കുന്നതിനായി സർവ്വശക്തനാൽ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടിൽ

'സേവനം',

'മനുഷ്യന്റെ മുക്തി'

തുടങ്ങിയ വാക്കുകൾ അവരുടെ പ്രഭാഷണങ്ങളിൽ ധാരാളം കേൾക്കാം.എല്ലായിടത്തും അവർ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും നടത്തുന്നു.

ശുദ്ധരും നിഷ്കളങ്കരുമായ നമ്മുടെ ആളുകൾ ഇതെല്ലാം കണ്ടു ഭ്രമിച്ചുപോകുന്നു.ഇത്തരം പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിൽ ക്രൈസ്തവരുടെ യഥാർത്ഥമായ ഉദ്ദേശ്യമെന്താണ്??"

എന്തിനാണ് സ്‌കൂളും,കോളേജുകളും,ആശുപത്രികളും ക്രൈസ്തവർ നടത്തുന്നതെന്ന് വിചാരധാരയുടെ 283 മുതൽ 291 വരെയുള്ള പേജുകളിൽ (മലയാള വിവർത്തനം,മൊഴിമാറ്റം പി മാധവ്ജി)വിവരിച്ചു വച്ചിട്ടുണ്ട്.

വിസ്താര ഭയത്താൽ ഇവിടെ ആ വികൃതമായ വിശകലനങ്ങൾ എഴുതി നിറയ്ക്കുന്നില്ല.നാഗാ കുന്നുകൾ മുതൽ ഇങ്ങ് കേരളത്തിലെ വരെ ക്രൈസ്തവ പുരോഹിതരെ കുറിച്ചും വിശ്വാസികളെ കുറിച്ചും ആർഎസ്എസ് ആചാര്യൻ എഴുതിനിറച്ച പെരും നുണകൾ....അഥവാ ആർഎസ്എസിന്റെ സുവിശേഷങ്ങൾ!!

"ആഗോള കതന്ത്രത്തിന്റെ ദല്ലാളുകൾ"എന്നാണ് ഒരു ഭാഗത്തെ തലക്കെട്ട് തന്നെ.ആതുര ശുശ്രൂഷയിൽ,വിദ്യാഭ്യാസത്തിൽ നിർണായകമായ സംഭവനകൾ ചെയ്ത ക്രൈസ്തവ സഭകൾക്കെതിരായ വിഷം തുപ്പുന്ന വാക്കുകൾ....

ഹിന്ദു വിഭാഗത്തിനിടയിൽ,ക്രൈസ്തവർക്കെതിരെ ഭീതിയും വെറുപ്പും ഉൽപ്പാദിപ്പിക്കാൻ ഓരോ വാക്കിലും ഗോൾവാൾക്കർ ഈ പുസ്തകത്തിൽ ശ്രമിക്കുന്നുണ്ട്.അതിനായി പറയുന്നതൊക്കെ കല്ല് വച്ച നുണകളും.

ഒരുദാഹരണം നോക്കൂ...

"ഏറ്റവും അടുത്തകാലത്ത് ബ്രട്ടീഷുകാർ പോയതിനുശേഷം കോൺഗ്രസ്സ് ഭരണത്തിൽ തന്നെ(വാസ്തവത്തിൽ ക്രൈസ്തവ ഭരണം!)കേരളത്തിൽ വിഖ്യാതമായ ശബരിമല ക്ഷേത്രത്തിലടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങൾ ക്രൈസ്തവ തെമ്മാടികളാൽ നശിപ്പിക്കപ്പെട്ടു അവിടുത്തെ വിഗ്രഹങ്ങൾ തച്ചുടയ്ക്കുകയുണ്ടായി."(വിചാരധാര,മലയാള പരിഭാഷ,പേജ് 291)

വിചാരധാരയുടെ രണ്ടാം ഭാഗത്തു 11,12,13 അധ്യായങ്ങളിലായാണ് ആന്തരിക ഭീഷണികളെ കുറിച്ച് ഗോൾവൽക്കർ വിശദമാക്കുന്നത്.അതിൽ ഒരധ്യായം തന്നെ ക്രൈസ്തവരെ പുലഭ്യം പറയാൻ മാത്രം ആർഎസ്എസ് ആചാര്യൻ നീക്കിവച്ചിട്ടുണ്ട്.

ഓർക്കണം..

ആർഎസ്എസ് ഒരാൾക്കൂട്ടമല്ല.

വ്യക്തമായ ലക്ഷ്യത്തോടെ നീങ്ങുന്ന ഒരു രാഷ്ട്രീയ പദ്ധതിയാണവരുടേത്.

ആ അപകടകരമായ രാഷ്ട്രീയ പദ്ധതി വിശദമാക്കുന്ന അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നാണ് മാധവ് സദാശിവ ഗോൾവൽക്കറുടെ വിചാരധാര.

ആർഎസ്എസ് ഈ ദിവസങ്ങളിൽ അഭിനയിച്ചു ഓവറാക്കുന്ന ക്രൈസ്തവ പ്രണയം വോട്ടിനു വേണ്ടിയുള്ള വെറും അശ്ലീല നാടകം മാത്രമാണ്.

ഇപ്പോൾ കേരളത്തിൽ അഭിമാനത്തോടെ നമുക്കെല്ലാവർക്കും ജീവിക്കാം..

നാളെയും അതങ്ങനെ തന്നെയാകണം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AA RAHIMCardinal George Alencheri
News Summary - Rahim reminds Alencheri about Vicharadhara
Next Story