കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം; പ്രായം കണക്കിലെടുത്താണ് ജാമ്യം
text_fieldsകോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ വിദ്യാർഥികളായ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ല സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.
50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. സാമൂവൽ ജോൺസൺ, എസ്.എൻ. ജീവ, റിജിൽ ജിത്ത്, കെ.പി. രാഹുൽ രാജ്, എൻ.വി. വിവേക് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ഭാരത നിയമ സംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് പൊലീസ് കേസ് എടുത്തത്.
കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. 300 പേജിലധികമുള്ള കുറ്റപത്രത്തിൽ കോളജിലെ മൂന്നാംവർഷ വിദ്യാർഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികളായുള്ളത്. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഒന്നാംവർഷ വിദ്യാർഥികളായ ആറുപേരെ സീനിയേഴ്സായ അഞ്ച് പ്രതികൾ ക്രൂരമായ റാഗിങ്ങിനാണ് വിധേയമാക്കിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ മുതൽ നാലുമാസമാണ് ജൂനിയർ വിദ്യാർഥികളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അതുകണ്ട് ആനന്ദിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈൽ ഫോണിൽനിന്ന് റാഗിങ്ങിന്‍റെ കൂടുതൽ തെളിവുകൾ കണ്ടെത്തി.
പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർഥികളില്‍ നിന്നാണ്. റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

