രാജേഷ് വധം: അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിൽ
text_fieldsകിളിമാനൂർ: മടവൂർ സ്വദേശി റേഡിയോ ജോക്കി രാജേഷ് ഭവനിൽ രാജേഷിനെ കൊന്ന കേസിൽ മുഖ്യസൂത്രധാരനും മൂന്നാംപ്രതിയുമായ അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിൽ. കൊലക്കേസ് പ്രതിയാണെന്നറിഞ്ഞിട്ടും സാമ്പത്തികമായി സഹായിക്കുകയും ഒളിവിൽ കഴിയുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ ആദ്യമായാണ് സ്ത്രീകൾ അറസ്റ്റിലാകുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
എറണാകുളം വെണ്ണല അംബേദ്കർ റോഡിൽ വട്ടച്ചാനൽ ഹൗസിൽ സെബല്ല ബോണി (38), അപ്പുണ്ണിയുടെ സഹോദരിയും കഴിഞ്ഞദിവസം അറസ്റ്റിലായ സുമിത്തിെൻറ ഭാര്യയുമായ ചെന്നിത്തല മതിച്ചുവട് വീട്ടിൽ നിന്നും ചെന്നൈ മതിയഴകൻ നഗർ അണ്ണാ സ്ട്രീറ്റ് നമ്പർ-18ൽ താമസിക്കുന്ന ഭാഗ്യശ്രീ (29) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തിന് ശേഷം ഒളിവിൽപോയ അപ്പുണ്ണി സെബല്ലയെ മാത്രമാണ് ഫോണിൽ ബന്ധപ്പെട്ടിരുന്നത്. പൊലീസിെൻറ നീക്കങ്ങൾ യഥാസമയം അപ്പുണ്ണിക്ക് നൽകിക്കൊണ്ടിരുന്നത് സെബല്ലയാണ്. കൊലക്കുള്ള പദ്ധതി ആസൂത്രണംചെയ്യാൻ ബംഗളൂരുവിൽനിന്ന് കഴിഞ്ഞ മാർച്ച് 21നെത്തിയ അപ്പുണ്ണിക്കും സുഹൃത്ത് സ്വാലിഹിനും എറണാകുളത്ത് സ്വന്തംപേരിൽ മുറിയെടുത്ത് കൊടുത്തത് സെബല്ലയാണ്. പൊലീസ് തന്നെ അന്വേഷിച്ച് തമിഴ്നാട്ടിലെത്തിയതറിഞ്ഞ അപ്പുണ്ണി മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചശേഷം എല്ലാദിവസവും രാത്രിയിൽ സെബല്ലയെ ലാൻഡ്ഫോണിലൂടെ ബന്ധപ്പെടുമായിരുന്നതായി പൊലീസ് പറഞ്ഞു.
അപ്പുണ്ണിയെ സഹായിക്കാനായി ഭർത്താവിനെ ചുമതലപ്പെടുത്തുകയും അത് മറച്ചുെവക്കുകയും ചെയ്ത കുറ്റത്തിനാണ് ഭാഗ്യശ്രീയെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്. അപ്പുണ്ണിയെയും സുമിത്തിനെയും ചോദ്യംചെയ്തതിൽനിന്നും ഇരുവർക്കും കുറ്റകൃത്യത്തിലുള്ള പങ്ക് തെളിഞ്ഞതിനെ തുടർന്ന് ബുധനാഴ്ച ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ ഒാഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
തെളിവെടുപ്പിൽ ആയുധം കണ്ടെത്തി
കൊല്ലം: മുൻ റേഡിയോ ജോക്കി രാജേഷിനെ (35) വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതിയും കായംകുളം സ്വദേശിയുമായ അപ്പു എന്ന അപ്പുണ്ണിയെ കൊല്ലം വള്ളിക്കീഴിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച വാൾ പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപ്പുണ്ണിയെ വള്ളിക്കീഴ് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ഇതേകേസില ആറാംപ്രതി സനുവിെൻറ വീടിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലനടത്തിയ ശേഷം കാറിൽ സനുവിെൻറ വീടിന് സമീപം എത്തുകയും കാർ റോഡിൽ പാർക്ക് ചെയ്ത ശേഷം കൃത്യത്തിന് ഉപയോഗിച്ച വാൾ ആളൊഴിഞ്ഞ പുരയിടത്തിൽ വലിച്ചെറിയുകയുമായിരുെന്നന്ന് അപ്പുണ്ണി പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
