റേഡിയോ ജോക്കിയുടെ കൊല: അന്വേഷണസംഘം മുംബൈയിലേക്ക്
text_fieldsകിളിമാനൂർ: റേഡിയോ ജോക്കിയും നാടൻ പാട്ട് കലാകാരനുമായ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചു. ക്വട്ടേഷൻ സംഘം മുംബൈയിലേക്ക് കടന്നുവെന്ന സംശയത്തെ തുടർന്നാണ് പൊലീസും മുംബൈയിലേക്ക് പോകുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ മൂന്നുപേരെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കൊല നടത്തിയ സംഘത്തിന് കാർ ലഭ്യമാക്കിയവരാണ് കസ്റ്റഡിയിലെന്നാണ് വിവരം. കൊല്ലം, ആലപ്പുഴ കേന്ദ്രീകരിച്ചുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന വിലയിരുത്തലിലാണ് പൊലീസ്.
രാജേഷിന്റെ ഫോണിൽ വന്ന അവസാന കാൾ ഖത്തറിൽ നിന്നാണെന്നും ഇതൊരു സ്ത്രീയായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീയുമായുള്ള സംഭാഷണം നടക്കവെയാണ് കൊല നടക്കുന്നത്. ഫോണിലൂടെ രാജേഷിന്റെ നിലവിളി ഇൗ സ്ത്രീ കേട്ടിരുന്നതായും സൈബർ പരിശോധനയിൽ വ്യക്തമായതായാണ് വിവരം.
നേരത്തേ, വിദേശത്തായിരുന്ന രാജേഷിന് ഇൗ സ്ത്രീയുമായി സൗഹൃദം ഉണ്ടായിരുന്നതായും നാട്ടിലെത്തിയ ശേഷവും സൗഹൃദവും ഫോൺ വിളിയും തുടർന്നതായും വിവരമുണ്ട്. സ്ത്രീയുടെ ബന്ധുക്കളിൽ ആരെങ്കിലും നൽകിയ ക്വേട്ടഷനാകാം കൊലപാതകത്തിന് പിന്നിലെന്ന സംശയവുമുണ്ട്. രാജേഷിന്റെ മൊബൈൽഫോണും വാട്സ്ആപ് സന്ദേശങ്ങളുമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.
മടവൂർ തുമ്പോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നൊസ്റ്റാൾജിയ നാടൻ പാട്ട് ട്രൂപ്പിലെ ഗായകൻ, മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും വസന്തയുടെയും മകൻ രാജേഷിനെയാണ് ചൊവ്വാഴ്ച പുലർച്ച അജ്ഞാതസംഘം ദാരുണമായി കൊലപ്പെടുത്തിയത്. നാവായിക്കുളം മുല്ലനെല്ലൂർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് കലാപരിപാടി കഴിഞ്ഞെത്തിയ രാജേഷ്, സുഹൃത്തായ വെള്ളല്ലൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടൻ എന്നിവരാണ് ആക്രമണത്തിനിരയായത്. കുട്ടൻ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.