റേഡിയോ ജോക്കി വധം: സത്താറിനെതിരെ റെഡ്കോർണർ നോട്ടീസ്
text_fieldsകിളിമാനൂർ: മുൻ റേഡിയോ ജോക്കി മടവൂർ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഖത്തറിലെ വ്യവസായി സത്താറിനെതിരെ റെഡ്കോർണർ നോട്ടീസ് നൽകിയതായി അന്വേഷണോദ്യോഗസ്ഥൻ അറിയിച്ചു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായാണ് തെളിവെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ മാർച്ച് 27ന് പുലർച്ചെ രണ്ടോടെയാണ് മടവൂരിലെ റെക്കോഡിങ് സ്റ്റുഡിയോയിൽെവച്ച് നാടൻപാട്ട് കലാകാരൻകൂടിയായ മടവൂർ രാജേഷ് ഭവനിൽ രാജേഷ് (35) കൊല്ലപ്പെട്ടത്. രാജേഷ് നേരത്തേ ഗൾഫിൽ ആയിരുന്ന സമയത്ത് പരിചയപ്പെട്ട നൃത്താധ്യാപികയുമായുള്ള സൗഹൃദമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവരുടെ മുൻ ഭർത്താവ് സത്താർ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ സത്താർ ഒഴികെ നേരിട്ട് ബന്ധമുള്ള മുഴുവൻ പ്രതികളെയും പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
കേസിലെ രണ്ടാംപ്രതി അലിഭായ് എന്ന മുഹമ്മദ് സ്വാലിഹ്, നാലാംപ്രതി തൻസീർ, അഞ്ചാംപ്രതി സ്വാതിസന്തോഷ്, ഏഴാം പ്രതി യാസീൻ എന്നിവരെയാണ് ഏപ്രിൽ 25വരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. രണ്ടാം പ്രതി അലിഭായിയുമായി അന്വേഷണസംഘം ബംഗളൂരുവിലാണ്. കേസിലെ രണ്ടും നാലും പ്രതികളായ സ്വാലിഹിനെയും തൻസീറിനെയും മജിസ്ട്രേറ്റിന് മുന്നിൽ ഒന്നാം സാക്ഷി കുട്ടൻ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇവർക്കൊപ്പം കേസിൽ നേരിട്ട് ബന്ധമുള്ള അപ്പുണ്ണിയെക്കൂടി ഒന്നാം സാക്ഷി തിരിച്ചറിയേണ്ടതുണ്ട്. അപ്പുണ്ണിയെ ഇന്നോ നാളെയോ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിെൻറ കണക്കുകൂട്ടൽ.
ഒന്നാം പ്രതി സത്താറിന് ഖത്തറിൽ നാലരക്കോടിരൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതിനാൽ നാട്ടിലേക്ക് വരാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
