തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ്
text_fieldsതിരുവനന്തപുരം: തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി പദ്ധതികൾ സമർപ്പിക്കാൻ നിർദേശം. സെപ്റ്റംബർ ഒന്നുമുതൽ ആരംഭിച്ച പ്രതിരോധ കുത്തിവെപ്പ് യജ്ഞമാണ് മെല്ലെപ്പോക്ക് തുടരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
പദ്ധതിക്ക് തദ്ദേശ സ്ഥാപനങ്ങൾ തുക വകയിരുത്താത്തതിനാലാണ് പ്രതിരോധ കുത്തിവെപ്പ് മന്ദഗതിയിലായതെന്ന് യോഗം വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് അടിയന്തരമായി പദ്ധതികൾ സമർപ്പിക്കാൻ നിർവഹണ ഉദ്യോഗസ്ഥരായ വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകി. എല്ലാ ജില്ലകളിലും അവശ്യംവേണ്ടതായ വാക്സിൻ സംഭരിച്ചിട്ടുണ്ടെന്നും പരിശീലനം നേടിയ നായ് പിടിത്തക്കാരെയും, കുത്തിവെപ്പുകാരെയും നിയോഗിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
ഓരോ ജില്ലയിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ ഒരു നോഡൽ ഓഫിസറെ വീതം നിയോഗിക്കാൻ തീരുമാനിച്ചു. അതത് ദിവസംതന്നെ കുത്തിവെപ്പിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ജില്ല കോഓഡിനേറ്റർമാർക്ക് നിർദേശം നൽകി. ഓരോ ജില്ലയിലെയും ദൈനം ദിന വാക്സിനേഷൻ പുരോഗതി വിലയിരുത്താൻ അഡീഷനൽ ഡയറക്ടർ മുതലുള്ള ഉദ്യോഗസ്ഥർക്ക് ജില്ലകളുടെ ചുമതല നൽകും. സെപ്റ്റംബറിൽതന്നെ പദ്ധതി പൂർത്തീകരിക്കുന്നതിനു വേണ്ടതായ അടിയന്തര നടപടികൾ സ്വീകരിക്കാൻ വകുപ്പു സെക്രട്ടറിയെയും ഡയറക്ടറെയും ചുമതലപ്പെടുത്തി.