നാം മരണത്തെരുവിൽ...
text_fieldsകോട്ടയം: സംസ്ഥാനത്ത് ഈ വർഷം പേവിഷ ബാധയേറ്റ് മരിച്ചത് 25 ഓളം പേർ! ഇതിൽ പലരും പ്രതിരോധ വാക്സിൻ എടുത്തവരും. സംസ്ഥാന ബാലാവകാശ കമീഷൻ മുമ്പാകെ ആരാഗ്യ വകുപ്പ് ഡയറക്ടറേറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ദിനം തോറും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാല് മാസത്തിനിടെ 1,31,244 പേർക്ക് നായയുടെ കടിയേറ്റു.
വാക്സിൻ എടുത്തിട്ടും മരണം
ഈ വർഷം നായുടെ കടിയേറ്റ് മരിച്ചവരിൽ ഒമ്പത് പേർ വാക്സിൻ എടുത്തവരാണ്. 2021 മുതൽ 2024 വരെ നായ്ക്കളുടെ കടിയേറ്റ് മരിച്ച 89 പേരിൽ 18 പേർ പ്രധിരോധ വാക്സിൻ എടുത്തിരുന്നതായി റിപ്പോർട്ടിലുണ്ട്.
‘വൈറസ് വ്യാപനം അതിവേഗം’
പ്രതിരോധ വാക്സിനുകൾ കൃത്യമായ ഡോസുകൾ എടുത്തിട്ടും മരണം സംഭവിച്ചതായി ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. വൈറസ് അതിവേഗം ശരീരത്തിൽ വ്യാപിച്ചതിനാൽ നൽകിയ മരുന്നുകൾ ഫലപ്രദമായില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. കഴുത്ത്, തല, കൈ എന്നീ ഭാഗങ്ങളിൽ കടിയേൽക്കുന്നതാണ് കൂടുതൽ അപകടകരമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം അതാത് ഏജൻസികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അതിൽ ഗുണനിലവാര കുറവില്ലെന്നും ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു.
കോഴഞ്ചേരി, പത്തനാപുരം, തേഞ്ഞിപ്പലം എന്നിവിടങ്ങളിൽ കുട്ടികൾ പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ബാലാവകാശ കമീഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ബാലാവകാശ കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

