ആ രക്ഷകൻ നിങ്ങളായേക്കാം, ജീവരക്ഷയ്ക്കായി പത്ത് ലക്ഷത്തിൽ ഒരാളെ തേടി റാഫിയ ഷെറിൻ
text_fieldsറാഫിയ ഷെറിൻ
മഞ്ചേരി : സിവിയർ അപ്ലാസ്റ്റിക് അനീമിയ എന്ന അത്യപൂർവ രോഗാവസ്ഥയെ തുടർന്ന് ജീവനുവേണ്ടി പൊരുതുന്ന റാഫിയ ഷെറിന് അനുയോജ്യമായ മൂലകോശം (സ്റ്റെം സെൽ) കണ്ടെത്താൻ നാടൊരുങ്ങുന്നു. ലണ്ടനിൽ ചികിത്സയിലുള്ള മഞ്ചേരി സ്വദേശിനിയായ റാഫിയയ്ക്കായി ഓഗസ്റ്റ് 15-ന് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ ദാതാക്കൾക്കായുള്ള പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പ് നടക്കുകയാണ്. റാഫിയ അഞ്ചുമുതൽ പത്തുവരെ പഠിച്ചുവളർന്ന വിദ്യാലയ മുറ്റത്താണ് സഹപാഠികളും നാട്ടുകാരും ചേർന്ന് ഈ ജീവകാരുണ്യ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്.
മഞ്ചേരിക്കടുത്ത് ആമയൂർ സ്വദേശിനിയായ റാഫിയയും ഭർത്താവ് ഫവാസ് അഹമ്മദും നിലവിൽ ലണ്ടനിലെ മാഞ്ചസ്റ്ററിലാണുള്ളത്. സ്വന്തം പ്രതിരോധവ്യവസ്ഥ തന്നെ അസ്ഥിമജ്ജയിലെ മൂലകോശങ്ങളെ തകരാറിലാക്കുന്നതാണ് ഈ രോഗാവസ്ഥ. ഉചിതമായ മൂലകോശം മാറ്റിവെക്കുക മാത്രമാണ് ഇതിനുള്ള ഏക രക്ഷാമാർഗം. രക്തഗ്രൂപ്പ് ചേരുന്നതുപോലെ രക്തത്തിലെ ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജൻ (എച്ച്.എൽ.എ.) യോജിക്കുന്ന ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്. ഏകദേശം 10 ലക്ഷം പേരിൽ ഒരാളുടേത് എന്ന തോതിലൊക്കെയാണ് അനുയോജ്യമായ എച്ച്.എൽ.എ. ഒത്തുവരാറുള്ളത്.
ലോകത്തിലെ പ്രമുഖ മൂലകോശ ദാതാക്കളുടെ നെറ്റ്‌വർക്കായ ഡി.കെ.എം.എസ്സിന്റെ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് മൂലകോശം നൽകാൻ തയ്യാറുള്ളവരുടെ വായയിൽനിന്ന് പഞ്ഞികൊണ്ട് സ്രവം എടുത്താണ് പരിശോധന നടത്തുക. ഈ സ്രവപരിശോധനയിലൂടെ അനുയോജ്യമായ ദാതാവിനെ കണ്ടെത്തിയാൽ മൂലകോശം ശേഖരിച്ച് രോഗിയിൽ പുനഃസ്ഥാപിക്കാനാവും.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ റാഫിയ, 2019-ലാണ് ലണ്ടനിലേക്ക് പോയത്. ലങ്കാഷെയറിൽനിന്ന് ഇന്റർകൾച്ചറൽ ബിസിനസ് കമ്മ്യൂണിക്കേഷനിൽ പി.ജി പൂർത്തിയാക്കി അവിടെ ജോലി ചെയ്തുവരികയായിരുന്നു. ജർമനിയിൽ എൻജിനിയറായ വാഴക്കാട് സ്വദേശി ഫഹാസ് അഹമ്മദാണ് ഭർത്താവ്.
18 മുതൽ 50 വയസ്സുവരെയുള്ള, ആരോഗ്യശാലിയായ ഏതൊരാൾക്കും മൂലകോശ ദാതാവാകാം. രജിസ്‌ട്രേഷനും വിവരങ്ങൾക്കും 9846863535, 7994408502 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രക്തദാനം പോലുള്ള തികച്ചും സുരക്ഷിതമായ രീതിയാണ് ഇതിനായി സ്വീകരിക്കുന്നത്. ഇതിന് ശസ്ത്രക്രിയയോ ദീർഘകാല പാർശ്വഫലങ്ങളോ ഉണ്ടാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

