'ചെറിയ ഇടം, ചുറ്റും മാലിന്യം. ആത്മാർഥയുള്ളവർക്ക് ഇവിടെയും പ്രവർത്തിക്കാം' തർക്കങ്ങൾക്കിടയിൽ പുതിയ ഓഫിസ് തുറന്ന് ആർ. ശ്രീലേഖ
text_fieldsതിരുവനന്തപുരം: എം.എല്‍.എ വി.കെ പ്രശാന്തുമായുള്ള തര്‍ക്കങ്ങള്‍ക്കും വിവാദങ്ങൾക്കുമൊടുവിൽ പുതിയ ഓഫീസ് തുറന്ന് ആര്‍. ശ്രീലേഖ. ശാസ്ത്രമംഗലത്ത് വി.കെ പ്രശാന്തിന്റെ ഓഫീസിന് സമീപത്തുള്ള തര്‍ക്ക സ്ഥലത്ത് തന്നെയാണ് ശ്രീലേഖ ഓഫീസ് തുറന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഓഫീസ് തുറന്ന കാര്യം ശ്രീലേഖ അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തർക്കങ്ങളുടെ പ്രതിഫലനം തന്നെയാണ് ഫേസ്ബുക് പോസ്റ്റിലും കാണുന്നത്. ഒരു മുറിയെന്ന് പറയാനാകില്ലെന്നും ചെറിയ ഒരിടത്താണ് ഓഫീസ് തുടങ്ങിയിരിക്കുന്നതെന്നും ശ്രീലേഖ കുറിപ്പില്‍ പറഞ്ഞു. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവകക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ജനസേവനം തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി പേര്‍ കാണാനെത്തി. ഉച്ചവരെ പതിനെട്ട് പേര്‍ കാണാനെത്തിയെന്നും അവരെ സഹായിച്ചതില്‍ തൃപ്തിയുണ്ടെന്നും അത് മതിയെന്നും ശ്രീലേഖ കുറിപ്പില്‍ പറയുന്നു.
'ഇന്ന് മുതൽ സേവനം തുടങ്ങി. ഒരു മുറിയെന്ന് പറയാൻ ആവില്ല... ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം... ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്തി. അത് മതി.' ചിത്രങ്ങൾക്കും വീഡിയോയ്ക്കുമൊപ്പം ശ്രീലേഖ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
പിന്നാലെ ഒരു പോസ്റ്റും കൂടി വന്നു. തന്റെ ഇത്തിരിപ്പോന്ന് കുഞ്ഞ് ഓഫീസ് മുറിയിൽ ടൺ കണക്കിന് മാലിന്യം എന്നാണ് വീഡിയോ സഹിതം ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്. 'എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി. കഷ്ടിച്ചു 70-75 സ്‌ക്വയർ ഫീറ്റ്. പക്ഷെ ചുറ്റിനും ടൺ കണക്കിന് മാലിന്യം.' അവർ ഫേസ്ബുക്കിൽ കുറിച്ചു.
ശാസ്തമംഗലത്തെ എം.എല്‍.എ ഓഫീസ് വി.കെ പ്രശാന്ത് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്. പ്രശാന്തിനെ ഓഫീസില്‍ പോയി കണ്ട് സഹോദരനെപ്പോലെയാണ് കാണുന്നതെന്നും ഓഫീസ് മാറിത്തരാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

