ശ്രീലേഖയുടെ ‘പോടാ പുല്ലേ പൊലീസ്’ വിളിയിൽ കടുത്ത വിമർശനം
text_fieldsതിരുവനന്തപുരം: മുൻ ഡി.ജി.പിയും വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ആർ. ശ്രീലേഖയുടെ ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളിക്കെതിരെ കടുത്ത വിമർശനം. മൂന്നു പതിറ്റാണ്ടിലധികം പൊലീസിൽ ജോലിചെയ്തതിന്റെ പെൻഷൻ വാങ്ങുന്ന വ്യക്തി പൊലീസിനെതിരെ നടത്തിയ മുദ്രാവാക്യം വിളിയും ഭീഷണിയും നീതീകരിക്കാനാകില്ലെന്നാണ് പൊതുഅഭിപ്രായം. നെട്ടയത്ത് ബി.ജെ.പി പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിലാണ് ശ്രീലേഖ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചത്. കേരളത്തിലെ ആദ്യത്തെ വനിത ഡി.ജി.പിയാണ് ശ്രീലേഖ. മുൻ ഡി.ജി.പി ടി.പി. സെൻകുമാറും കഴിഞ്ഞ ദിവസം പൊലീസിനെതിരെ കടുത്ത ഭാഷയിൽ ഭീഷണി പ്രസംഗം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നാൽ കേരളത്തിൽ രാഷ്ട്രപതി ഭരണം വരുമെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നുമാണ് സംഘ്പരിവാർ സഹയാത്രികനായ അദ്ദേഹം പറഞ്ഞത്.
മുദ്രാവാക്യം വിവാദമായതോടെ വിശദീകരണവുമായി ശ്രീലേഖ രംഗത്തെത്തി. ഡി.ജി.പി പദവിയിൽനിന്ന് വിരമിച്ച, 33 വർഷത്തിലധികം പൊലീസ് സേനയിൽ അഭിമാനത്തോടെ പ്രവർത്തിച്ച താൻ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കണമെങ്കിൽ തക്കതായ കാരണമുണ്ടെന്ന് ശ്രീലേഖ പറയുന്നു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിൻ, എസ്.ഐ ദീപു പിള്ള തുടങ്ങിയ പൊലീസുകാർ ചേർന്ന് കഴിഞ്ഞ ഒരുമാസത്തിലേറേയായി ബി.ജെ.പി പ്രവർത്തകരെ തെരഞ്ഞുപിടിച്ച് കേസുകളെടുത്ത് മർദിച്ച് രസിക്കുകയാണെന്നും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നിർദേശപ്രകാരമാണ് ഇതെന്നുമാണ് ശ്രീലേഖയുടെ ആരോപണം.
ശ്രീലേഖക്ക് മറുപടിയുമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും രംഗത്തെത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷം നടത്തുന്ന രീതി ഓരോരുത്തരുടെയും സംസ്കാരത്തിന്റെ ഭാഗമാണെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഫേസ്ബുക്കിൽ കുറിച്ചു. ‘‘പൊലീസ് ഉദ്യോഗസ്ഥരുടെ വാസസ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തുക, അവരുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. അത്തരം ഓലപ്പാമ്പ് കാണിച്ചൊന്നും തകർക്കാൻ പറ്റുന്നതല്ല കേരള പൊലീസിന്റെ പ്രവർത്തനങ്ങൾ. അത്തരക്കാരുടെ കൂട്ടത്തിൽ ഊർജം പകരാൻ വിരമിച്ച ചില പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്നും തിരിച്ചറിയണം. ഗുണ്ടായിസവുമായാണ് കടന്നുവരുന്നതെങ്കിൽ തിരിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിക്കും’’-അദ്ദേഹത്തിന്റെ കുറിപ്പിൽ വ്യക്തമാക്കി.
മുൻ ഉദ്യോഗസ്ഥർക്കെതിരെ മുൻ ഡി.വൈ.എസ്.പി
തിരുവനന്തപുരം: പൊലീസിനെ അധിക്ഷേപിക്കുന്ന മുൻ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിക്കുന്ന മുൻ ഡി.വൈ.എസ്.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. വിരമിച്ചതിന്റെ വാർഷികത്തിൽ റിട്ട. ഡിവൈ.എസ്.പിയും തുറവൂർ സ്വദേശിയുമായ വി.എസ്. നവാസ് പങ്കുവെച്ച കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്.
സർവീസിൽ ഇരുന്നപ്പോൾ കാര്യമായ പണിയൊന്നും എടുക്കാത്തവരാണ് വിരമിച്ച ശേഷം പൊലീസിനെ അപഹസിക്കുന്നത്. മുൻ പൊലീസ് മേധാവിമാർ പോലും സ്റ്റേഷൻ ചവിട്ടിത്തുറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ലജ്ജാവഹമാണ്. സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ കൊതിക്കെറുവ് ചിലരിൽ മനോരോഗമായി മാറുന്നുണ്ടെന്നും അവരുടെ കുടുംബാംഗങ്ങൾ അത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. പൊലീസിനെ ആക്രമിക്കുന്നവർക്കും റോഡ് ഉപരോധിക്കുന്നവർക്കും എതിരെ ദുർബലമായ കുറ്റപത്രം നൽകി കേസ് ഒതുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

