വിദ്യാർഥിനികൾക്ക് ആർത്തവം എപ്പോഴാണെന്ന് എല്ലാവരും അറിയും, ഇതാണോ ആർത്തവ മാന്യത?; മൂന്ന് ദിവസത്തെ ആർത്തവാവധിക്കെതിരെ ആർ. ശ്രീലേഖ
text_fieldsആർ. ശ്രീലേഖ
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യു.ഡി.എഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡി.ജി.പിയും തിരുവനന്തപുരം നഗരസഭാ ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ. വിദ്യാർഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകളാക്കുമോ എന്ന സംശയമാണ് ശ്രീലേഖ ഉന്നയിക്കുന്നത്. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീലേഖ ചോദ്യം ഉന്നയിച്ചത്.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടുന്ന ഒരു പ്രക്രിയയാണ്. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല എന്ന് ശ്രീലേഖ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഐ.പി.എസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി എന്നും കുറിപ്പിൽ പറയുന്നുണ്ട്. ശ്രീലേഖ പങ്കുവെച്ച പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകളാക്കുമോ?
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലർക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി!
എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity? നാണക്കേടല്ലേ?
ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin vending മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദനസംഹാരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.
ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

