ദൃശ്യങ്ങളിൽ വിശ്വസിച്ച ഗുരുനാഥൻ
text_fieldsഷാജി എൻ. കരുണിനൊപ്പം ആർ. ശരത് (ഫയൽഫോട്ടോ)
ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിന്റെ അവസാന- കളറിന്റെ ആദ്യ സമയങ്ങളിലാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. അതിൽ പുതിയൊരു സമ്പ്രദായം തന്നെ അദ്ദേഹം കൊണ്ടുവന്നു.
എന്ത് ചെയ്യരുതെന്ന് പഠിപ്പിച്ചുതന്ന ഗുരുനാഥനാണ് വിട പറഞ്ഞത്. ഷാജി എൻ. കരുണിന്റെ സഹായിയായി സിനിമാ ജീവിതം തുടങ്ങിയതാണ് ഞാൻ. സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞുതന്ന പാഠങ്ങൾ എന്നും മനസ്സിലുണ്ടാകും. എല്ലാ കാര്യത്തിലും വളരെ ബോൾഡായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് രോഗത്തോടും പടവെട്ടി നിന്നത്. അസുഖമായതോടെ, പൊതുസദസ്സുകളിൽ നിന്ന് മാറിനിൽക്കാമായിരുന്നിട്ടും അവസാന നിമിഷംവരെയും അദ്ദേഹം അത് ചെയ്തില്ല.
ആ പോരാട്ടവീര്യം ജീവിതത്തിലുടനീളമുണ്ടായിരുന്നു. പോരാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതശൈലി. പിറവിയിലും സ്വം ലുമൊക്കെ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അദ്ദേഹത്തിലെ കാമറാമാനെയാണ് ആദരിച്ചത്. ആ ആദരവ് പിന്നീട് സംവിധാന സഹായിയാക്കി. കിഴക്കൻ ശൈലി ഇത്ര മനോഹരമായി ദൃശ്യമാക്കിയ മറ്റാരുമില്ലെന്നുതന്നെ പറയാം. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിന്റെ അവസാന- കളറിന്റെ ആദ്യ സമയങ്ങളിലാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്.
അതിൽ പുതിയൊരു സമ്പ്രദായം തന്നെ അദ്ദേഹം കൊണ്ടുവന്നു. ജി. അരവിന്ദന്റെ മാറാട്ടത്തിൽ അടിസ്ഥാനപരമായി ഒരു ടോൺ കൊണ്ടുവരാൻ പ്രത്യേക പരിശ്രമമെടുത്തതും അതിനായി ബുദ്ധിമുട്ടിയതും തമ്പിലെ അനുഭവങ്ങളുമൊക്കെ പങ്കുവെക്കുമായിരുന്നു. സംവിധായകന്റെ ചിന്തക്കൊപ്പമെത്താൻ കഴിഞ്ഞോ എന്നതാണ് കാമറ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ ശ്രദ്ധയെന്നും പറഞ്ഞിരുന്നു. ഓരോ സീനിലും ഷോട്ടിലും സൂക്ഷ്മതലങ്ങൾ വരെ ശ്രദ്ധിച്ചിരുന്നു. പ്രശസ്ത കാമറാമാനും സംവിധായകനുമായ അശോക് മേത്ത പറഞ്ഞിട്ടുണ്ട് നിത്യവിസ്മയമാണ് ഷാജി എൻ. കരുണെന്ന്. ഷാജിയുടെ ഷോട്ടിൽ എല്ലാമുണ്ടാകുമെന്ന്. അത് സത്യമായിരുന്നു.
സിനിമയുടെ 75 ശതമാനവും ദൃശ്യങ്ങളിലാണെന്ന് ഷാജി സർ വിശ്വസിച്ചിരുന്നു. പ്രൊഡക്ഷന്റെ പേരിൽ പല പരിമിതികളുമുള്ളപ്പോഴും സംവിധാനത്തെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. സിനിമയായിരുന്നു അദ്ദേഹത്തിനെല്ലാം. നമ്മൾ ഒരുക്കുന്ന സിനിമക്ക് ഒരു സംസ്കാരം വേണമെന്നും സ്വാഭാവികമായുള്ളതും ജീവിതത്തോട് അടുത്തുനിൽക്കുന്നതുമായിരിക്കണമെന്നും പഠിപ്പിച്ചത് അദ്ദേഹമാണ്.
അതുകൊണ്ടുതന്നെ ഞാൻ ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കാറുണ്ട്. ഛായാഗ്രാഹകനായിരിക്കെ, സംവിധായകരായ കുറച്ചുപേരേയുള്ളൂ. അതിൽ തന്നെ ഷാജി സാറിന്റെ അടുത്തെങ്കിലുമെത്തുന്നത് ബാലുമഹേന്ദ്ര മാത്രമായിരിക്കും. കെ.എസ്.എഫ്.ഡി.സി ഉൾപ്പെടെ ചലച്ചിത്ര ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ ഷാജി സാറിന്റെ സംവിധായകനെന്ന ക്രിയാത്മക വശം ഉപയോഗിക്കപ്പെടുന്നില്ലെന്നുപറഞ്ഞാൽ ഒരു നിറഞ്ഞ ചിരിയാണ് മറുപടിയായി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

