മൂന്നാംതവണയും ആർ. നാസർ ആലപ്പുഴ സി.പി.എം ജില്ല സെക്രട്ടറി; യു. പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ; അഞ്ചുപേരെ ഒഴിവാക്കി
text_fieldsആർ. നാസർ, യു. പ്രതിഭ
ആലപ്പുഴ: ആലപ്പുഴയിൽ ആർ. നാസർ സി.പി.എം ജില്ല സെക്രട്ടറിയായി തുടരും. ഹരിപ്പാട് നടന്ന, മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും മുഴുസമയവും പങ്കെടുത്ത ജില്ല സമ്മേളനത്തിനൊടുവിൽ മൂന്നാംതവണയാണ് നാസർ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സാമുദായിക സന്തുലനം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഒരു ഊഴംകൂടി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
വിവാദങ്ങൾക്കിടെ യു. പ്രതിഭ എം.എൽ.എയെ ചേർത്തുനിർത്തിയ നേതൃത്വം നാല് പുതുമുഖങ്ങളെയും ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജനപ്രതിനിധികളെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി കായംകുളം എം.എൽ.എ യു. പ്രതിഭയും മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാറും ഇടംപിടിച്ചു. അരുൺകുമാറിലൂടെ യുവ പട്ടികജാതി സാന്നിധ്യവും ഉറപ്പുവരുത്തി. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി പി. രഘുനാഥ് എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ.
പ്രായപരിധി കണക്കിലെടുത്ത് എം. സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവരെയും ശിശുക്ഷേമ സമിതി ചെയർപേഴ്സൻ ജലജ ചന്ദ്രനെയും പി. അരവിന്ദാക്ഷനെയും എൻ. ശിവദാസനെയുമാണ് ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. സാമ്പത്തിക അഴിമതി ആരോപണങ്ങൾ നേരിടുന്ന എൻ. ശിവദാസനെ കായംകുളം ഏരിയ കമ്മിറ്റിയിൽനിന്നും ഒഴിവാക്കിയിരുന്നു. 47 അംഗ ജില്ല കമ്മിറ്റിയിൽ 46 പേരെയാണ് തെരഞ്ഞെടുത്തത്.
65കാരനായ ആർ. നാസർ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2018ലാണ് ആദ്യം സെക്രട്ടറിയായത്. 1957 നവംബര്‍ 30നാണ് ജനനം. കൊല്ലം ജില്ലയിലെ ക്ലാപ്പന എസ്.വി.എച്ച്.എസിലായിരുന്നു പത്താംക്ലാസ് വരെ പഠനം. ചേര്‍ത്തല എസ്.എൻ കോളജില്‍നിന്ന് പ്രീഡിഗ്രിയും മലയാളത്തില്‍ ബിരുദവും നേടി. കേരള സര്‍വകലാശാല യൂനിയന്‍ കൗണ്‍സിലറായും സെനറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 84 വരെ എസ്.എഫ്.ഐ ജില്ല സെക്രട്ടറിയായി. 1986ല്‍ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായി.
അക്കാലത്ത് പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. കഞ്ഞിക്കുഴി ഡിവിഷനില്‍നിന്ന് ജില്ല കൗണ്‍സിലില്‍ അംഗമായി. 2000 മുതല്‍ 2010 വരെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറിയായും കയർ കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവർത്തിച്ചു. കയര്‍ഫെഡ് മുന്‍ ജീവനക്കാരി എസ്. ഷീലയാണ് ഭാര്യ. മക്കള്‍: നൃപൻ റോയ്, ഐശ്വര്യ. മരുമകള്‍: സുമി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.