Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഹണി - ശശിമാരെ നിലക്ക്...

'ഹണി - ശശിമാരെ നിലക്ക് നിർത്താൻ ആർക്കാണാവുക?'; ഭാര്യക്ക് സെക്രട്ടറിയറ്റിലേക്ക് ട്രാൻസ്ഫർ നൽകിയില്ല, സി.പി.എം അനുകൂല സർവിസ് സംഘടനാ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് ഏരിയ കമ്മിറ്റിയംഗം

text_fields
bookmark_border
r madhu 908978
cancel
camera_alt

ആർ. മധു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരിയായ ഭാര്യക്ക് സെക്രട്ടറിയറ്റിലേക്ക് ട്രാൻസ്ഫർ നൽകാത്തതിൽ സി.പി.എം അനുകൂല സർവിസ് സംഘടനാ നേതൃത്വവുമായി 'പിണങ്ങി' സി.പി.എം നേതാവ്. നെടുമങ്ങാട് ഏരിയാ കമ്മിറ്റി അംഗവും നെടുമങ്ങാട് മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ ആർ. മധുവാണ് പരസ്യ വിമർശനം നടത്തിയത്.

മധുവിന്റെ ഭാര്യയും ധനകാര്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയുമായിരുന്ന പുഷ്പജ ഏപ്രിൽ 30നാണ് തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്ന് സീനിയർ ഫിനാൻസ് ഓഫിസറായി വിരമിച്ചത്. സർവിസ് കാലയളവ് മുഴുവൻ സി.പി.എം അനുകൂല സംഘടനയുടെ പ്രവർത്തകയായിരുന്നിട്ടും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഒരു വർഷവും 11 മാസവും മാത്രമാണ് പുഷ്പജക്ക് സെക്രട്ടേറിയറ്റിനുള്ളിൽ ഇരിക്കാനായതെന്ന് മധു പറഞ്ഞു.

ഭാര്യയെ സെക്രട്ടറിയറ്റിലേക്ക് മാറ്റാനായി സി.പി.എം നേതാക്കളെയും സർവിസ് സംഘടനാ നേതാക്കളെയും കണ്ട കാര്യവും നേതാവ് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ താൻ പാർട്ടി ഏരിയാ കമ്മിറ്റി അംഗമായിരുന്നിട്ട് കൂടി തന്‍റെ ഭാര്യക്ക് സെക്രട്ടറിയറ്റിനകത്ത് ഇരിക്കുവാനായത് രണ്ടിൽ താഴെ വർഷം മാത്രമാണ്. സ്ഥലംമാറ്റത്തിന് വേണ്ടി സി.പി.എം ജില്ല സെക്രട്ടറിയെ കണ്ടുവെന്നും കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവ് ഹണിയെയും ഫിനാൻസിലെ ശശിയെയും ബന്ധപ്പെട്ടുവെന്നും എന്നിട്ടും സ്ഥലംമാറ്റമുണ്ടായില്ലെന്നും പറയുന്നു. ഹണി - ശശിമാരുടെ മുന്നിൽ ആർക്കും ഒന്നും ചെയ്യാനുമാകാതെ വന്നപ്പോൾ പുഷ്പജയുടെ ശമ്പളത്തിൻ്റെ തണലിൽ പാർട്ടി പ്രവർത്തനം നടത്തിയ തൻ്റെ അവസ്ഥ എത്രപേർക്ക് മനസ്സിലാകുമെന്നറിയില്ലെന്നും ആർ. മധു ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. സെക്രട്ടറിയറ്റിലെ സ്ഥലംമാറ്റത്തിന് സി.പി.എം നേതൃത്വവും ഭരണകക്ഷി സർവിസ് സംഘടനയും അനധികൃതമായി ഇടപെടുന്നുവെന്ന ആരോപണങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് നേതാവിന്‍റെ വിമർശനം.

ആർ. മധുവിന്‍റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം

ഇന്നെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ?

ഞാൻ നിലവിൽ സി.പി.എം നെടുമങ്ങാട് ഏര്യാ കമ്മിറ്റി അംഗമാണ്. ധനകാര്യ വകുപ്പിൽ ജോയിൻ്റ് സെക്രട്ടറിയായ എൻ്റെ ഭാര്യ പുഷ്പജMG ഇരുപത്തി ആറര വർഷത്തെ സേവനത്തിന് ശേഷം തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും സീനിയർ ഫിനാൻസ് ആഫീസറായി ഇന്ന് (30/4/25 ) വിരമിക്കുന്നു.

ഞാൻ സി.പി.എം കാരനായത് കൊണ്ട് തന്നെ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷനിൽ ആണ് പുഷ്പജ കഴിഞ്ഞ 2 വർഷം മുൻപ് വരെ അംഗമായിരുന്നത്. ഇപ്പോൾ അംഗത്വം പുതിക്കിയില്ല. മറ്റ് സംഘടനയിൽ ചേർന്നതുമില്ല. മറ്റ് പലരും സെക്രട്ടറിയറ്റിൽ ചെയ്യുന്നത് പോലെ ഭരിക്കുന്നതാരെന്നതിനനുസരിച്ച് സംഘടന മാറാതിരുന്നതിൻ്റെ ദുര്യോഗം ഏറെ അനുഭവിച്ചാണ് ഇന്ന് പടിയിറങ്ങുന്നത്. 2 മാസം മുൻപ് വീണ്ടും KSEA മെമ്പർഷിപ്പ് എടുക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു. അവർ ചെയ്ത് കൊടുത്ത സേവനങ്ങൾ അക്കമിട്ട് നിരത്തി നിരസിച്ചുവെന്നാണ് പുഷ്പജ പറഞ്ഞത്. സർവീസിൽ നിന്നും വിരമിക്കുന്നവരുടെ പേര് ചേർത്ത് അടിക്കുന്ന സംഘടന നോട്ടീസിൽ പേര് വയ്കരുതെന്നും പറഞ്ഞുവത്രെ. അതെന്തായാലും അവർ പാലിച്ചു. പുഷ്പജ

സെക്രട്ടറിയറ്റ് സർവീസിൽ കയറിയ പ്രബേഷൻ പീര്യേഡിലാണ് 2002 ലെ ജീവനക്കാരുടെ അനിശ്ചിത കാലപണിമുടക്ക്. ഞാൻ സി.പി.എം നഗരസഭ ചെയർമാൻ ആയിരുന്ന കാലമായിരുന്നത് കൊണ്ട് തന്നെ പിരിച്ച് വിടൽ ഭീഷണി ഉണ്ടായിട്ടും 32 ദിവസവും പുഷ്പജ പണിമുടക്കി. തുടർന്ന് സർവീസ് കാലത്തിനിടയിൽ വന്ന KSEA പങ്കാളിയായ എല്ലാ പണിമുടക്ക് സമരങ്ങളിലും പങ്കെടുത്തു.. മറ്റ് പലരും ചെയ്യുന്ന പോലെ ബസ് ലഭിച്ചില്ലായെന്നും മറ്റും ഡിക്ലറേഷൻ നല്കി ഡൈസ് നോണിൽ നിന്നും ഒഴിവായതുമില്ല. അവസാനത്തെ 2 സമ്മേളനങ്ങൾ ഒഴികെ കോട്ടയം ഡെപ്യൂട്ടേഷൻ കാലത്തൊഴികെയുള്ള എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തു. ഒരു പണിമുടക്കിൽ ധനകാര്യ വകുപ്പിൽ നിന്നും പണിമുടക്കിയ അണ്ടർ സെക്രട്ടറിമാരുടെ പട്ടിക നോട്ടീസ് ബോർഡിൽ ഇട്ടപ്പോൾ അതിൽ ഉൾപ്പെട്ട ഏക വനിത പുഷ്പജയായിരുന്നു.

KSEA ആവശ്യപ്പെട്ട ഫണ്ട് എപ്പോഴും വിമുഖത കൂടാതെ നല്കി. ഇത് ചില വർഷങ്ങളിൽ 50,000 വരെയായിട്ടുണ്ട്. ഒരു ദേശാഭിമാനി വീട്ടിൽ ഉള്ളപ്പോൾ തന്നെ അവർ ആവശ്യപ്പെട്ട പ്രകാരം വീണ്ടും ദേശാഭിമാനി എടുത്തിട്ടുണ്ട്. ഞാനിതൊക്കെ സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങൾ ഒന്നും KSEA യ്ക് ബാധകമല്ലെന്നതിനാലാണ്.

എന്നാൽ UDF ഭരണകാലത്ത് അവർ വേണ്ട വിധം ഇക്കാര്യം പരിഗണിച്ചിട്ടുണ്ട്. AO ആയപ്പോൾ കൂടെ പ്രമോഷനായവരിൽ ധനകാര്യ വകുപ്പിന് പുറത്ത് പോകേണ്ടി വന്ന ഏക ആൾ പുഷ്പജയായിരുന്നു. തുടർന്ന് UDF ഭരണത്തിൽ ഏറെക്കുറെ മുഴുവൻ കാലവും സെക്രട്ടറിയറ്റിന് പുറത്തായിരുന്നു. എന്തിന് UDF നിയന്ത്രണത്തിലുള്ള സെക്രട്ടറിയറ്റ് ഹൗസിംഗ് സൊസൈറ്റിയിൽ പോലും അംഗത്വം നല്കിയില്ല.അതിൽ പരാതിയില്ല. UDF സർക്കാർ ആണല്ലോ!

എന്നാൽ 2016 ൽ LDF സർക്കാർ വന്നിട്ടും സെകട്ടറിയറ്റിന് അകത്ത് പോസ്റ്റിംഗ് കിട്ടിയത് വീണ്ടും 4 വർഷം കഴിഞ്ഞിട്ടാണ്. അകത്ത് വേണമെന്ന് എങ്ങും ശുപാർശ നടത്തിയതുമില്ല. കഴിഞ്ഞ 9 വർഷത്തെ LDF ഭരണത്തിൽ ഞാൻപാർട്ടി ഏര്യാ കമ്മിറ്റി അംഗമായിരുന്നിട്ട് കൂടി എൻ്റെ ഭാര്യയ്ക് സെക്രട്ടറിയറ്റിനകത്ത് ഇരിക്കുവാനായത് 2ൽ താഴെ വർഷം മാത്രമാണ്. സെക്രട്ടറിയറ്റിന് പുറത്ത് ഗവ:പ്രസ്സ്, ശിശുവികസന ഡയറക്ടറേറ്റ്, ലാൻ്റ് റവന്യൂ കമ്മീഷണറേറ്റ്, DPI, പഞ്ചായത്ത് ഡയറക്ടറേറ്റ്, രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ്, തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഇങ്ങനെ കറങ്ങേണ്ടി വന്നു. അന്നൊന്നും പരാതി പറയാനേ പോയില്ല.

ഒടുവിൽ പെൻഷനാകാൻ 2 ൽ താഴെ വർഷമുള്ളപ്പോൾ പഞ്ചായത്ത് ഡയറക്ടറേറ്റിൽ സീനിയർ ഫിനാൻസ് ഓഫീസർ ആയിരിക്കെ സർക്കാർ ഉത്തരവ് ലംഘിച്ച് (GO ( MS ) 52/2022/ GAD ) ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൽ ഡെപ്യൂട്ടേഷൻ ഉത്തരവായപ്പോൾ പുഷ്പജ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചട്ട ലംഘനം ചൂണ്ടി കാണിച്ച് പരാതി നല്കി. അത് തന്നെ നിയമാനുസൃത ഓഡിറ്റ് നടക്കാത്ത സ്ഥാപനത്തിൽ ഡെപ്യൂട്ടേഷൻ പോയാൽ പെൻഷൻ ലഭിക്കാൻ വൈകുമെന്ന ഭയത്തെ തുടർന്നാണ് വേണ്ടി വന്നത്. ഞാൻ പാർട്ടി ജില്ലാ സെക്രട്ടറിയെ കണ്ടും പരാതി നല്കി. സെക്രട്ടറി തത്സമയം തന്നെ KSEA നേതാവ് സ: ഹണിയെ വിളിക്കുകയും അദ്ദേഹം നിർദ്ദേശിച്ച പ്രകാരം ഞാനും പുഷ്പജയുമായി ഹണിയെ പോയി കാണുകയും ചെയ്തു. നേതാവ് പറഞ്ഞത് ശരിയാക്കാം എന്നാണ്.. ഫിനാൻസിലെ നേതാവ് ശശിയോട് പറയാമെന്നും പറഞ്ഞു.. ഈ ശശിക്ക് അറിയാത്ത ആളല്ല പുഷ്പജ. പുഷ്പജയുടെ കീഴിൽ അസിസ്റ്റൻ്റ് ആയിരുന്നിട്ടുണ്ട്. അന്ന് CRപോലും മൂന്നാമതൊരാൾ മുഖേന കൊടുത്തുവിട്ട് ശശി പുഷ്ജയിൽ നിന്നും ഒപ്പിട്ട് വാങ്ങിയിട്ടുമുണ്ട്. ശശിയുടെ ചെയ്തികൾ ധനകാര്യ വകുപ്പിൽ ഉള്ളവർക്കറിയാം. ചാനൽ വാർത്ത വരെ പലവട്ടം വന്നു. അക്കാര്യങ്ങൾ കൂടുതൽ പറയുന്നില്ല. ഇക്കാര്യത്തിൽ ശശിയാണ് താരം.

ഡെപൂട്ടേഷൻ ഓർഡറാകുന്നതിന് മുൻപാണ് സ : ഹണിയെ കണ്ടത്. ഫലമുണ്ടായില്ല. ഡെപ്യൂട്ടേഷൻ ഓർഡർ ഇറങ്ങി. പിന്നീട് നെടുമങ്ങാട്ടെ മരണപ്പെട്ടു പോയ ഒരു സഖാവിൻ്റെ സഹായത്താൽ സി.പി.എം സംസ്ഥാന സെക്രട്ടറിയെ 2 തവണ കണ്ടു. LDF കൺവീനർ ആയിരുന്ന സ: EP ജയരാജനെ കണ്ടു. ട്രൈബ്യൂണലിൽ ചോദ്യം ചെയ്യാനാണ് EP ഉപദേശിച്ചത്. പാർട്ടി ആയിരിക്കുമ്പോൾ സർക്കാറിനെതിരെ കോടതിയിൽ പോകാൻ മടിച്ചിട്ടാണെന്ന് മറുപടിയും പറഞ്ഞു. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല.

ഗത്യന്തരമില്ലാതെ അന്നത്തെ നെടുമങ്ങാട് ഏര്യാ സെക്രട്ടറിയെ കൂട്ടി വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു. ഒരു മാസത്തിനകം ട്രാൻസ്ഫർ ആകും തല്കാലം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൽ ജോയിൻ ചെയ്യാനാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. ജോയിൻ ചെയ്യാതെ ലീവ് എടുക്കാനിരുന്ന പുഷ്പജ ഞാൻ ആവശ്യപ്പെട്ടപ്രകാരം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൽ ജോയിൻ ചെയ്തു.DCS നെ പലവട്ടം കണ്ടു. സഖാവ് ഹണിയെ DCS പലവട്ടംവിളിച്ചിട്ടും ട്രാൻസ്ഫർ മാത്രം ഉണ്ടായില്ല.

പിന്നീട് ഞാൻ ഇന്നത്തെ ACSനെ കൂട്ടി സ: AA .റഹിം MPയെ കണ്ടു. സഖാവ് നന്നായി തന്നെ ഇടപെട്ടു .ഒടുവിൽ CMൻ്റെ പ്രൈവറ്റ് സെക്രട്ടറിയായ സ:കെ.കെ.രാഗേഷിൻ്റെ സഹായവും MP തേടി. പക്ഷെ ഫലം മാത്രമുണ്ടായില്ല. 'ഒടുവിൽ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞപ്പോൾ നിർബ്ബന്ധ പൂർവ്വം പുഷ്പജ സെക്രട്ടറിയറ്റിൽ ജോയിനിംഗ് റിപ്പോർട്ട് നല്കി. ഒഴിവുണ്ടായിട്ടും മൂന്നര മാസം പോസ്റ്റിംഗ് നല്കിയില്ല ഒടുവിൽ സെക്രട്ടറിയറ്റിൽ ഒഴിവുണ്ടായിരിക്കെ വീണ്ടും തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സീനിയർ ഫിനാൻസ് ഓഫീസറായി നിയമിച്ചു. നിയമനം നല്കാതെ വീട്ടിൽ ഇരുത്തിയ മൂന്നര മാസം ക്രമീകരിക്കാത്തതിനാൽ 7 മാസം ശമ്പളം കിട്ടാതെയുമായി. ഒടുവിൽ വല്ല വിധേനയും ശമ്പളം ലഭിച്ചു. അങ്ങനെ ഇന്ന് തദ്ദേശ വകുപ്പിൽ നിന്നും അവിടുത്തെ സംഘടന സ്വരം നല്കിയ യാത്ര അയപ്പ് ഏറ്റുവാങ്ങി പടിയിറങ്ങി. ഞാൻ സി.പി.എം കാരനായതിൻ്റെ പേരിൽUDF ഭരണത്തിൽ പുഷ്പജയെ സെക്രട്ടറിയറ്റിൽ നിന്നും പരമാവധി അകറ്റിനിർത്തി. 9 വർഷ LDF ഭരണത്തിനിടയിൽ 1 വർഷവും 11 മാസവും മാത്രമാണ് സെക്രട്ടറിയറ്റിനുള്ളിൽ ഇരിക്കുവാനായത് .അത് സൂചിപ്പിച്ചുവെന്നേയുള്ളൂ പരാതിയില്ല. പെൻഷനാകാൻ 1 വർഷവും 8 മാസവും മാത്രം ബാക്കിയുള്ളപ്പോൾ ഹണി - ശശിമാരുടെ പിടിവാശിയിൽ ഡെപ്യൂട്ടേഷനിൽ വിട്ടു. ഹണി - ശശിമാരുടെ മുന്നിൽ ആർക്കും ഒന്നും ചെയ്യാനുമാകാതെ വന്നപ്പോൾ പുഷ്പജയുടെ ശമ്പളത്തിൻ്റെ തണലിൽ സി.പി.എം പ്രവർത്തനം നടത്തിയ എൻ്റെ അവസ്ഥ എത്രപേർക്ക് മനസ്സിലാകുമെന്നറിയില്ല. വീട്ടിലെ സ്വൈരത കെടുത്തി .കണ്ണീരിന് മുന്നിൽ മറുപടി പറയാനാകാതെ വന്ന പാർട്ടിക്കാരനാണ് ഞാൻ. പലപ്പോഴും അത് എൻ്റെ ഒച്ചയെടുക്കലിലും മിണ്ടാതിരിക്കലിലും വരെയെത്തി.

ഹണി / ശശിമാർ അറിയേണ്ടത് ഞങ്ങളെ പോലുള്ളവർ പണിയെടുത്തിട്ടാണ് നിങ്ങൾ ഭരണ ശീതളച്ഛായയിൽ ആറാടുന്നത് എന്നതാണ്. നിങ്ങളുടെ ഈ പ്രവൃത്തി അനുഭവിച്ച പുഷ്പജയെപ്പോലുള്ളവർ എങ്ങനെയാണ് സി.പി.എംന് വോട്ട് ചെയ്യുക.. ഹണി - ശശിമാരെ നിലയ്ക് നിർത്തുവാൻ എന്നാണാവുക? ആർക്കാണാവുക?


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secretariateCPMKerala News
News Summary - R Madhu Nedumangad facebook post
Next Story