ഉത്തര മലബാറിൽ കൂടുതൽ കോളജും കോഴ്സും അനുവദിക്കും- മന്ത്രി ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ എൻറോൾമെന്‍റ് (ജി.ഇ.ആർ) 38 ശതമാനത്തിൽ നിന്ന് 75 ശതമാനമാക്കി ഉയർത്തുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ സൗകര്യത്തിൽ കുറവുള്ള ഉത്തരമലബാറിൽ കൂടുതൽ കോളജുകളും കോഴ്സുകളും അനുവദിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം സംബന്ധിച്ച കൊളോക്കിയത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പുതുതലമുറ കോഴ്സുകൾ അനുവദിക്കുന്നതിനൊപ്പം നിലവിലെ കോഴ്സുകൾക്ക് സീറ്റ് കൂട്ടും.
അന്തസ്സുറ്റ വിദ്യാർഥി ജീവിതം ഉറപ്പുവരുത്താൻ വിദ്യാർഥി അവകാശ പത്രിക പ്രസിദ്ധീകരിക്കും. അധ്യയന വർഷാരംഭത്തിൽ തന്നെ ഇത് പ്രസിദ്ധീകരിക്കും. അടുത്ത വർഷം ആരംഭിക്കാൻ ലക്ഷ്യമിടുന്ന നാലുവർഷ ബിരുദ കോഴ്സിൽ അവസാന വർഷത്തിൽ ഇൻഡസ്ട്രി ഇന്‍റേൺഷിപ്, ഗവേഷണാധിഷ്ഠിത പ്രവർത്തനം എന്നിവക്ക് പ്രാധാന്യം നൽകും. കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തുന്ന നൈപുണി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബിരുദ കോഴ്സിൽ നിശ്ചിത ക്രെഡിറ്റ് അനുവദിക്കും. പിന്നാക്കമേഖലയിലെ 50 കോളജുകളിൽ പത്ത് നൂതന കോഴ്സ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കോളജ് അധ്യാപക നിയമനങ്ങൾ ടെന്യുർ ട്രാക്ക് സമ്പ്രദായത്തിലേക്ക്
തിരുവനന്തപുരം: കോളജുകളിൽ ഒഴിവുള്ള തസ്തികകളിൽ സ്ഥിരം അധ്യാപക നിയമനത്തിന് പകരം അഞ്ചുവർഷത്തേക്കുള്ള ടെന്യുർ ട്രാക്ക് നിയമനങ്ങളിലേക്ക് മാറേണ്ടിവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. െഗസ്റ്റ് അധ്യാപക തസ്തികകൾ നിർത്തലാക്കി മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം നടത്തണമെന്നാണ് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശിപാർശ. അന്തിമ തീരുമാനത്തിലേക്ക് പോകും മുമ്പ് അധ്യാപകരുടെ അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം സംബന്ധിച്ച കൊളോക്കിയത്തിൽ മന്ത്രി പറഞ്ഞു.
ടെന്യുർ ട്രാക്ക് സമ്പ്രദായ പ്രകാരം അഞ്ചുവർഷത്തെ പ്രകടനം വിലയിരുത്തി ജോലി സ്ഥിരപ്പെടുത്തുന്നതിൽ തീരുമാനമെടുക്കാൻ സർക്കാറിനാകും.
സ്വകാര്യ സർവകലാശാല ബിൽ തയാറാക്കും
കൽപ്പിത സർവകലാശാല കാലഹരണപ്പെട്ട ആശയമാണെന്നും എന്നാൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ സർക്കാർ ആലോചന നടത്തിവരുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ശക്തമായ സാമൂഹിക നിയന്ത്രണത്തോടെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ബിൽ തയാറാക്കുന്നതിൽ തീരുമാനമെടുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

