ആർ. ബാലകൃഷ്‌ണപിള്ളക്ക് 87ാം ജന്മദിനം
text_fieldsആർ. ബാലകൃഷ്ണപിള്ളയുടെ 87ാമത് ജന്മദിനം കൊട്ടാരക്കരയിലെ വീട്ടിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
കൊട്ടാരക്കര: മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ 87ാമത് ജന്മദിനം കൊട്ടാരക്കരയിലെ വീട്ടിൽ ആഘോഷിച്ചു. നിയമസഭയിലേക്ക് പത്തനാപുരത്ത് നിന്ന് മത്സരിക്കുന്ന മകൻ കെ.ബി. ഗണേഷ്കുമാർ തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും എത്തിയിരുന്നു. പിള്ളയുടെ ഫോട്ടോ പതിച്ച ജന്മദിന കേക്ക് മുറിച്ചായിരുന്നു ആഘോഷം.
നിരവധി പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. സദ്യയും ഒരുക്കിയിരുന്നു. മറ്റ് മക്കളായ ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ, മരുമക്കളായ കെ. മോഹൻ ദാസ്, ടി. ബാലകൃഷ്ണൻ, ബിന്ദു ഗണേഷ് തുടങ്ങിയവരും, പാർട്ടി നേതാക്കളും എത്തിയിരുന്നു.
അനാരോഗ്യത്തെത്തുടർന്ന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പോസ്റ്റൽ വോട്ട് ചെയ്തിരുന്നു. രാവിലെ കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ വീട്ടിലെത്തി ആശംസകൾ നേർന്നു.