ഒന്നരക്കോടിയുടെ ക്വട്ടേഷൻ; സിനിമ സെറ്റിലെ ഗൂഢാലോചന
text_fieldsകൊച്ചി: നടിയെ ആക്രമിക്കാൻ ദിലീപും പൾസർ സുനിയും ചേർന്ന് രണ്ടുഘട്ടമായി നടത്തിയത് ആസൂത്രിത ഗൂഢാലോചന എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. നാലുവർഷം മുമ്പ് തുടങ്ങിയ ഗൂഢാലോചനയാണ് 2017 ഫെബ്രുവരി 17ന് നാടിനെ നടുക്കിയ സംഭവത്തിൽ കലാശിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകർന്നതിന് നടിയോട് പകവീട്ടാൻ സുനിയുടെ സഹായത്തോടെ ദിലീപ് മെനഞ്ഞ തന്ത്രങ്ങൾ വിവരിക്കുന്നതായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
ഗൂഢാലോചനയുടെ തുടക്കം 2013 മാർച്ചിലാണ്. താരസംഘടനയായ ‘അമ്മ’ വിദേശത്ത് സംഘടിപ്പിച്ച സ്റ്റേജ് ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് മാർച്ച് 26 മുതൽ ഏപ്രിൽ ഏഴുവരെ ദിലീപ് എറണാകുളം എം.ജി റോഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. താനും നടി കാവ്യ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ഭാര്യ മഞ്ജു വാര്യരെ അറിയിച്ചെന്ന് ആരോപിച്ച് ഇവിടെവെച്ച് നടിയോട് സഹതാരങ്ങളുടെ സാന്നിധ്യത്തിൽ ദിലീപ് പൊട്ടിത്തെറിച്ചു.
നടൻ സിദ്ദീഖ് അടക്കം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അന്ന് നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന പൾസർ സുനി പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് ദിലീപുമായി അടുത്തു. തുടർന്ന്, നടിയോട് പ്രതികാരം വീട്ടാനുള്ള പദ്ധതികൾ ഹോട്ടലിലെ 410ാം നമ്പർ മുറിയിലും പിന്നീട് ദിലീപിന്റെ ബി.എം.ഡബ്ല്യു കാറിലുംവെച്ച് ഇരുവരും ചർച്ചചെയ്തു. ‘അമ്മ’യുടെ വിദേശ ഷോയുടെ വി.ഐ.പി പാസ് സുനിക്ക് ദിലീപ് നൽകി. ഇതിനിടെ, മുകേഷിന്റെ ഡ്രൈവർ ജോലിയിൽനിന്ന് സുനി മാറിയിരുന്നു. തന്റെ വിവാഹബന്ധം തകർന്നതുപോലെ നടിയുടെ ജീവിതവും തകർക്കുകയായിരുന്നു ദിലീപിന്റെ ലക്ഷ്യം. എന്നാൽ, പിന്നീട് മൂന്നുവർഷത്തോളം കാര്യങ്ങൾ മുന്നോട്ടുപോയില്ല. 2016ൽ ‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ സെറ്റിലായിരുന്നു ഗൂഢാലോചനയുടെ രണ്ടാംഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

