കഞ്ചിക്കോട് ബ്രൂവറിക്ക് അതിവേഗം ഉത്തരവ്; അനുമതി കഴിഞ്ഞവർഷത്തെ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ
text_fieldsതിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്ന പാലക്കാട് കഞ്ചിക്കോട് വിദേശമദ്യ ബോട്ട്ലിങ് യൂനിറ്റിനും ബ്രൂവറിക്കുമായി സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഉത്തരവിറക്കി. 600 കോടി രൂപ ചെലവിൽ 500 കിലോലിറ്റർ ഉൽപാദനക്ഷമതയുള്ള പ്ലാന്‍റ് നിർമിക്കാനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകി നികുതി വകുപ്പ് ഉത്തരവ്. ഈ കമ്പനി ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സ്ഥാപനമാണെന്നും പഞ്ചാബിലെ അവരുടെ യൂനിറ്റിനെതിരെ ശക്തമായ സമരം നടക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
കഞ്ചിക്കോട് വ്യവസായ മേഖലയോട് ചേർന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 24 ഏക്കർ ഭൂമിയിൽ നാല് ഘട്ടങ്ങളിലായിരിക്കും നിർമാണം. എഥനോൾ പ്ലാന്‍റ്, മൾട്ടി സീഡ് ഡിസ്റ്റിലേഷൻ യൂനിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ട്ലിങ് യൂനിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്‍റ്, ബ്രാണ്ടി/വൈനറി പ്ലാന്‍റ് എന്നിവ ഉൾപ്പെട്ട സംയോജിത യൂനിറ്റ് സ്ഥാപിക്കാനാണ് അനുമതി. ഒന്നാംഘട്ടത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യ യൂനിറ്റും രണ്ടാംഘട്ടത്തിൽ എഥനോൾ/ഇ.എൻ.എ നിർമാണ യൂനിറ്റും മൂന്നാംഘട്ടമായി മാൾട്ട് സ്പിരിറ്റ്/ബ്രാണ്ടി/വൈനറി പ്ലാന്‍റ്, നാലാംഘട്ടത്തിൽ ബ്രൂവറി എന്നിങ്ങനെയായിരിക്കും പൂർത്തിയാക്കുക.
2023-24 സാമ്പത്തികവർഷത്തെ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂനിറ്റിനുള്ള അനുമതി. മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇ.എൻ.എ) കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുമെന്നും അതിനു തയാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂനിറ്റുകൾക്കും അനുമതി നൽകുമെന്നും കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കാവശ്യമായ ജലം നൽകുന്നതിന് കേരള വാട്ടർ അതോറിറ്റി അനുമതി നൽകിയിട്ടുമുണ്ട്.
എന്നാൽ ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് 2018ല്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് സംസ്ഥാനത്ത് ഡിസ്റ്റിലറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്തിരുന്നു. പ്രതിപക്ഷ ഇടപെടലിനെ തുടര്‍ന്ന് ആ നീക്കം പാളി. 2022ലും സ്വകാര്യ ഡിസ്റ്റിലറികള്‍ക്കുവേണ്ടി സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും പ്രതിപക്ഷ എതിര്‍പ്പുമൂലം നടന്നില്ല. ഇതിനിടെയാണ് രണ്ടാം പിണറായി സർക്കാറിന്‍റെ കാലാവധി തീരാൻ ഒന്നരവർഷം മാത്രം ശേഷിക്കുമ്പോൾ മൂന്നാമതും പദ്ധതിയുമായി സർക്കാർ മുന്നോട്ട് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

