യൂനിഫോമിൽ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ്ടു വിദ്യാർഥിക്ക് ക്രൂരമർദനം, കേസെടുത്ത് പൊലീസ്
text_fieldsമല്ലപ്പള്ളി (പത്തനംതിട്ട): യൂനിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്ത വരച്ചത് ചോദ്യംചെയ്ത പ്ലസ്ടു വിദ്യാർഥി സഹപാഠികളുടെ ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ സഹപാഠികളായ അഞ്ച് വിദ്യാർഥികൾക്കെതിരെ പെരുമ്പെട്ടി പൊലീസ് കേസെടുത്തു. എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ എഴുമറ്റൂർ ഊന്നുകല്ലിൽ പുത്തൻ വീട്ടിൽ അഭിനവ് പിള്ളയെ (17) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സഹപാഠികളായ അഞ്ച് പേർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തത്. കുറ്റാരോപിതരായ വിദ്യാർഥികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതരും വ്യക്തമാക്കി.
അഭിനവിന്റെ മാതാവ് നൽകിയ പരാതിയിൽ അഭിനവിനെയും കുറ്റാരോപിതരായ വിദ്യാർഥികളെയും ബുധനാഴ്ച പെരുമ്പെട്ടി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അഭിനവിന് മർദനമേറ്റു എന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അഞ്ചുപേർക്കുമെതിരെ കേസെടുത്തത്. സംഘം ചേർന്ന് മർദിക്കുക, ആക്രമിച്ച് പരിക്കേൽപ്പിക്കുക, തടഞ്ഞു നിർത്തി ഉപദ്രവിക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട് ജുവനയിൽ കോടതിക്ക് കൈമാറുമെന്നും കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്ന രക്ഷിതാക്കളുടെ ഉറപ്പിന്മേൽ കുറ്റാരോപിതരായ വിദ്യാർഥികളെ വിട്ടയച്ചതായും പെരുമ്പെട്ടി എസ്.എച്ച്.ഒ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ ആയിരുന്നു പരാതിക്ക് ഇടയായ സംഭവം നടന്നത്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥികളായ ബ്ലെസ്സൻ, ഫൈസാൻ, അർജുൻ, ഷാഹിദ്, ശ്രേയസ് എന്നിവർ ചേർന്ന് തന്നെ മർദിക്കുകയായിരുന്നു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സയൻസ് വിഭാഗം വിദ്യാർഥിയായ അഭിനവും മർദിച്ചു എന്ന് പറയപ്പെടുന്ന വിദ്യാർഥികളും ഇംഗ്ലീഷ് ക്ലാസ്സിൽ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ പിൻ ബെഞ്ചിൽ ഇരിക്കുന്ന ബ്ലെസൻ അടങ്ങുന്ന അഞ്ചംഗ സംഘം ഷർട്ടിന്റെ പിൻവശത്ത് പേന വെച്ച് വരയ്ക്കുകയും എഴുതുകയും ചെയ്യുക പതിവായിരുന്നു.
ചൊവ്വാഴ്ച ഇത് വീണ്ടും ആവർത്തിച്ചതോടെ അഭിനവ് ചോദ്യം ചെയ്തു. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇന്‍റർവെൽ സമയത്ത് സൗഹൃദം നടിച്ച അഞ്ചംഗ സംഘം എൽ.പി സ്കൂളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി അഭിനവിനെ മർദിക്കുകയായിരുന്നു. ബഹളം കേട്ട് മറ്റു കുട്ടികൾ ഓടിയെത്തും വരെ മർദനം തുടർന്നു. ചെവിക്ക് പിന്നിലും മുഖത്തും കണ്ണിനും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

