ചോദ്യപേപ്പർ ചോർച്ച: സ്കൂൾ ജീവനക്കാരനെതിരെ വകുപ്പുതല നടപടികൾക്ക് തുടക്കം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് വൺ അർധവാർഷിക പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തിയ കേസിൽ അറസ്റ്റിലായ സ്കൂൾ ജീവനക്കാരനെതിരെ വകുപ്പുതല നടപടികൾക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന് നിർദേശം നൽകി. മലപ്പുറം മേൽമുറിയിലെ അൺ എയ്ഡഡ് സ്കൂളായ മഅ്ദിൻ എച്ച്.എസ്.എസിലെ പ്യൂൺ, പനങ്ങാങ്ങര രാമപുരം എലത്തോൽ അബ്ദുൽ നാസർ (36) ആണ് കേസിൽ അറസ്റ്റിലായത്. മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള ഡി.ഇ.ഒ ഗീതാകുമാരി സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു. കേസിലുൾപ്പെട്ട പ്യൂൺ അബ്ദുൽ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ സ്കൂളിൽനിന്ന് പുറത്താക്കിയതായി മാനേജ്മെന്റ് അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽ നിന്നാണ് അബ്ദുൽ നാസറിനെ ക്രൈംബ്രാഞ്ച് എസ്.പി. കെ. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ സ്കൂളിൽ എത്തിയ അർധ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകൾ എം.എസ് സൊല്യൂഷൻസിലെ അധ്യാപകനും കേസിലെ രണ്ടാം പ്രതിയുമായ മലപ്പുറം കോൽമണ്ണ തുമ്പത്ത് ടി. ഫഹദിന് അബ്ദുൽ നാസർ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.
ടി. ഫഹദ് നേരത്തെ മേൽമുറി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. അവിടെ നിന്ന് രാജിവെച്ചാണ് എം.എസ് സൊല്യൂഷൻസിൽ അധ്യാപകനായത്. ഫഹദിനൊപ്പം ഒരേ സ്കൂളിൽ ജോലി ചെയ്ത ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നാസർ ചോദ്യപേപ്പറുകൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. പാക്കറ്റ് പൊട്ടിച്ച് ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പാക്കറ്റ് ഒട്ടിച്ചുവെച്ചു.
എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ വഴി പത്താംക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും പ്ലസ് വൺ കണക്കിന്റെ ചോദ്യപേപ്പറുമാണ് പുറത്തുവിട്ടത്. ബയോളജി, കെമിസ്ട്രി, ഫിസിക്സ് പേപ്പറുകളും പ്രതി വാട്സ്ആപ്പിൽ അയച്ചുകൊടുത്തെന്ന് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് പറഞ്ഞു. ഇംഗ്ലീഷ്, കണക്ക് ചോദ്യപേപ്പർ ചോർന്ന് വലിയ വാർത്തയായതോടെ മറ്റുള്ളവ എം.എസ് സൊല്യൂഷൻസിന് പുറത്തുവിടാനാവാതെ വരുകയായിരുന്നു. പണമൊന്നും കിട്ടിയില്ലെന്നാണ് അബ്ദുൽനാസറിന്റെ മൊഴി.
നേരത്തെ അറസ്റ്റുചെയ്ത ഫഹദ്, കോഴിക്കോട് പാവങ്ങാട് ചാപ്പംകണ്ടി ജിഷ്ണു എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒന്നാംപ്രതിയായ എം.എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിനെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

