പി.എസ്.സിക്ക് വീണ്ടും പാളിച്ച ചോദ്യപേപ്പർ മാറിനൽകി, പരീക്ഷ റദ്ദാക്കി
text_fieldsതിരുവനന്തപുരം/ആലപ്പുഴ: നിയമന, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങൾ നേരിടുന്നതിനിടെ പി.എസ്.സിക്ക് വീണ്ടും ഗുരുതര പാളിച്ച. ചോദ്യപേപ്പർ മാറിനൽകിയതോടെ പരീക്ഷ റദ്ദാക്കി. കമ്പനി/കോര്പറേഷന്/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കെ.ടി.ഡി.സിയില്‍ സ്റ്റോര്‍ മാന്‍, ബിവറേജസ് കോര്‍പറേഷനില്‍ എൽ.ഡി ക്ലാര്‍ക്ക് (നേരിട്ടും തസ്തികമാറ്റം വഴിയും) എന്നീ തസ്തികകളിലേക്കുള്ള ടെന്ത് ലെവല്‍ കോമണ്‍ പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറിനല്‍കിയത്.
ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ സ്കൂളിൽ ശനിയാഴ്ച രാവിലെ നടന്ന ആദ്യഘട്ട പരീക്ഷക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. ഉച്ചക്കുശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകുകയായിരുന്നു. പിഴവ് മനസ്സിലാക്കിയതിനെ തുടർന്ന് പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഉച്ചക്കുശേഷമുള്ള പരീക്ഷ പി.എസ്.സി റദ്ദാക്കി. ഇത് ദൂരപ്രദേശങ്ങളിൽ നിന്നെത്തിയ നിരവധി ഉദ്യോഗാർഥികളെ വലച്ചു.
200 പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ ഹയർസെക്കൻഡറി വിഭാഗം കെട്ടിടത്തിൽ പരീക്ഷയെഴുതിയ 166 പേർക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. ഇവർ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മറ്റു സെന്ററുകളിലെ ഉദ്യോഗാർഥികളുമായി നടത്തിയ ചർച്ചയിലാണ് പിഴവ് കണ്ടെത്തിയത്. തുടർന്ന് സ്കൂളിലെത്തി അധികൃതരോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പി.എസ്.സി ജില്ല ഓഫിസിലും പരാതി നൽകി.
ഇതോടെയാണ് സംസ്ഥാനത്തുടനീളം ഉച്ചക്കുശേഷം നടത്തേണ്ടിയിരുന്ന പരീക്ഷ റദ്ദാക്കിയതായി പി.എസ്.സി ഔദ്യോഗികമായി അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, രാവിലെ നടന്ന പരീക്ഷ പൂര്‍ണമായി റദ്ദാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ചോദ്യക്കടലാസ് മാറിനല്‍കിയ പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മറ്റൊരു ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്തുമെന്നാണ് വിവരം.
ആദ്യഘട്ട പരീക്ഷ ശനിയാഴ്ച രാവിലെ 10 മുതല്‍ 11.35 വരെയും രണ്ടാംഘട്ടം 1.30 മുതല്‍ 3.05 വരെയുമാണ് നിശ്ചയിച്ചിരുന്നത്. ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചത്. മൂന്നും നാലുംഘട്ട പരീക്ഷകള്‍ ആഗസ്റ്റ് ഒന്നിനാണ് നിശ്ചയിച്ചത്. ഉദ്യോഗാർഥികളുടെ എണ്ണം കൂടിയതിനാലാണ് രണ്ടു പരീക്ഷ നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. രാവിലെയും ഉച്ചക്കുമുള്ള പരീക്ഷ പേപ്പറുകളുടെ കവറുകൾ രണ്ട് നിറത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തിയിരുന്നു.
എഫ്.എൻ (ഉച്ചക്ക് മുമ്പ്) ബ്രൗണും എ.എൻ (ഉച്ചക്കുശേഷം) പച്ചനിറത്തിലുമുള്ള കവറുകളിലാണ് ചോദ്യപേപ്പർ നൽകിയിരുന്നത്. ഇതിന്റെ നിറം നോക്കാതെ പൊട്ടിച്ചതാണ് പ്രശ്നമായത്. അതേസമയം, രാവിലെയും ഉച്ചക്കുമായി നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഒരുമിച്ച് നൽകിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചവരുടെ വിശദീകരണം. വീഴ്ചവരുത്തിയവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.
ഇതുസംബന്ധിച്ച് പൊലീസും സ്കൂൾ അധികൃതരിൽനിന്ന് വിശദീകരണം തേടി. സ്കൂൾ പ്രിൻസിപ്പലിനോടും ചുമതലയുള്ള അധ്യാപകനോടും പി.എസ്.സി വിശദീകരണം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

