ക്വാറൻറീൻ കേന്ദ്രത്തിലേക്ക് കേക്കിനുള്ളിൽ പുകയില ഉൽപന്നം കടത്താൻ ശ്രമിച്ചത് ‘പൂച്ച പിടിച്ചു’
text_fieldsഎടപ്പാൾ: ആരോഗ്യപ്രവർത്തകരെ കണ്ണുവെട്ടിച്ച് നടുവട്ടം ശ്രീവത്സം ക്വാറൻറീൻ കേന്ദ്രത്തിലേക്ക് കടത്താൻശ്രമിച്ച നിരോധിത പുകയില ഉൽപന്നം പിടികൂടി. കേക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് കണ്ടെത്തിയത്. പൂച്ച പണിപറ്റിച്ചതാണ് വഴിത്തിരിവായത്. വിദേശത്തുനിന്നെത്തി ശ്രീവത്സവത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് കഴിക്കാൻ ലഘുഭക്ഷണമെന്ന വ്യാജേനെയാണ് സുഹൃത്തകൾ കേക്ക് തന്നയച്ചത്. ആരോഗ്യപ്രവർത്തകർ ഈ സാധനം വാങ്ങിവെച്ചെങ്കിലും നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് നൽകാൻ മറന്നുപോയി.
ഈ സമയമാണ് അവിടെ ഉണ്ടായിരുന്ന പുച്ച കേക്കിെൻറ ചെറിയ കഷ്ണം കടിച്ചതായി ശ്രദ്ധയിൽപെട്ടത്. എന്നാൽ, പിന്നെ യുവാവിന് വെറേ കേക്ക് വാങ്ങിനൽകാമെന്ന് വിചാരിച്ചു. പകുതി കഴിച്ച കേക്ക് പൂച്ചക്കുതന്നെ തിന്നാൻ നൽകുന്നതിനിടെ കേക്ക് മുഴുവനായി പൊളിച്ചുനോക്കിയപ്പോഴാണ് പണി പാളിയത്. നിരീക്ഷണത്തിൽ കഴിയുന്നവർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയാൾ നിരീക്ഷണ കാലയളവിൽ പുകവലി നിർത്തിയ സംഭവം ചർച്ചയായിരുന്നു.
