'ഇവരൊന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല..!', സ്ഥാനാർഥിയുടെ യോഗ്യത എന്ത്..?; മാർഗനിർദേശം പുറപ്പെടുവിച്ചു
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശം പുറത്തിറക്കി. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാനാവില്ല. സർക്കാറിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാനാവില്ല.
ബോർഡുകളിലോ സർവകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകം. പാർട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. അംഗൻവാടി ജീവനക്കാർക്കും ആശ വർക്കർമാർക്കും മത്സരിക്കാം. സാക്ഷരത പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാറിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം.
കെ.എസ്.ആർ.ടി.സി, വൈദ്യുതി ബോർഡ്, എംപാനൽ കണ്ടക്ടർമാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ താൽക്കാലികമായി നിയമിതരായവർ എന്നിവർക്ക് മത്സരിക്കാൻ അയോഗ്യതയുണ്ട്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻമാർക്ക് മത്സരിക്കാം. എന്നാൽ, സി.ഡി.എസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല. സർക്കാറുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ ഏർപ്പെട്ടവർക്ക് മത്സരിക്കാൻ കഴിയില്ല. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ച കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റങ്ങൾക്ക് മൂന്നുമാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർ എന്നിവർക്ക് അയോഗ്യതയുണ്ട്.
ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞ് ആറ് വർഷത്തേക്കാണ് അയോഗ്യത. അഴിമതിക്കോ കൂറില്ലായ്മക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷത്തേക്ക് അയോഗ്യതയുണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർക്ക് ആറുവർഷം അയോഗ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം ചെലവുകണക്ക് സമർപ്പിക്കാത്തവർക്ക് അഞ്ചുവർഷത്തേക്ക് അയോഗ്യതയുണ്ടാകും.
സർക്കാറുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്സ്മാൻ കണ്ടെത്തിയവർ എന്നിവരും അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽനിന്ന് വിലക്കപ്പെട്ടവരും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരും മത്സരിക്കാൻ പാടില്ല.
അതേസമയം, ഒരു തദ്ദേശ സ്ഥാപനത്തിലെ ഒന്നിൽ കൂടുതൽ വാർഡുകളിൽ പത്രിക നൽകിയാൽ എല്ലാം നിരസിക്കും. എന്നാൽ, ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാം. വിദ്യാഭ്യാസ യോഗ്യത, ക്രിമിനൽ കേസുകൾ, ആസ്തിയും ബാധ്യതയും, സർക്കാറിനോ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിനോ നൽകാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

