അഞ്ചൽ: ക്യു നെറ്റ് എന്ന സ്ഥാപനത്തിന്റെ പേരിൽ ചാരുംമൂട് സ്വദേശി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ അഞ്ചൽ മേഖലയിയുള്ള നിരവധിയാളുകൾ കബളിപ്പിക്കപ്പെട്ടതായി പരാതി. ചാരുംമൂട് ഉമ്പർ നാട് മുട്ടത്താൻ പറമ്പിൽ വീട്ടിൽ സലേഷ് (30) മാവേലിക്കര പൊലീസിന്റെ പിടിയിലായതോടെയാണ് പരാതിയുമായി ആളുകൾ രംഗത്തെത്തിയത്.
ക്യൂനെറ്റിന്റെ മാർക്കറ്റിങ് ബിസിനസിൽ പങ്കാളിയാക്കാമെന്നും മികച്ച ലാഭം വാഗ്ദാനം നൽകിയുമാണ് തട്ടിപ്പ് നടത്തിയത്. ആലഞ്ചേരി, അഞ്ചൽ, തേവർതോട്ടം, ഇടയം എന്നീ സ്ഥലങ്ങളിലുള്ള ഇരുപത്തിയഞ്ചോളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്.
25,000 മുതൽ ഒരു ലക്ഷം രൂപവരെ പണം നഷ്ടപ്പെട്ടിട്ടുള്ളവരാണ് പരാതിക്കാർ. സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താനിടയുണ്ട്. അടുത്ത ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് സലേഷിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയതെന്നും സ്ത്രീകളെ ഉപയോഗിച്ചാണ് കൂടുതൽ പേരെ വശത്താക്കിയിരുന്നതെന്നും പറയപ്പെടുന്നു.