അഞ്ച് മണിക്കൂർ പരിശ്രമിച്ചിട്ടും 'കുലുങ്ങാതെ' പെരുമ്പാമ്പ്; ഒടുവിൽ കാവൽ ഏർപ്പെടുത്തി സേനകൾ പിൻവാങ്ങി
text_fieldsകോഴിക്കോട്: മീഞ്ചന്ത മിനി ബൈപാസിൽ തിരുവണ്ണൂർ പെട്രോൾ പമ്പിന് സമീപത്തെ മരത്തിന് മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം പൊലീസിനെയും അഗ്നിരക്ഷാസേനയെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി. അഞ്ചു മണിക്കൂറിലേറെ മൂന്ന് സേനകളും പരിശ്രമിച്ചിട്ടും പാമ്പിനെ മരത്തിൽ നിന്ന് ഇറക്കാനായില്ല. തുടർന്ന് പാമ്പിന് കാവൽ ഏർപ്പെടുത്തി സേനാംഗങ്ങൾ പിൻമാറുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30നായിരുന്നു മരത്തിനു മുകളിൽ പാമ്പിനെ കണ്ടത്. നാട്ടുകാരിൽ ചിലർ പെരുമ്പാമ്പിനെ കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും എത്തി, മരത്തിന് മുകളിലേക്ക് വെള്ളം ചീറ്റിച്ചും മറ്റും പെരുമ്പാമ്പിനെ നിലത്തിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അവരും പെരുമ്പാമ്പിനെ നിലത്തിറക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടയിൽ മരത്തിന് മുകളിലെ പെരുമ്പാമ്പിനെ കാണാൻ ബൈപാസിൽ വലിയ തോതിൽ ജനവും തടിച്ചുകൂടി. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കുമായി. തിരുവണ്ണൂരിൽ ശൂരസംഹാര മഹോത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാൽ വലിയ ജനക്കൂട്ടവും വെളിച്ചവും ഉണ്ടായിരുന്നതിനാലാണ് പെരുമ്പാമ്പ് മരത്തിൽ നിന്ന് ഇറങ്ങാതിരിക്കുന്നതെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ തൽക്കാലം ശ്രമം ഉപേക്ഷിച്ചത്. പെരുമ്പാമ്പിനെ നിരീക്ഷിക്കാൻ മരത്തിന് സമീപം ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് സേനകൾ രാത്രിയോടെ പിൻമാറിയത്.

