കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റൽ എം.ഡിയുമായ ഡോ. ടി.കെ ജയരാജ് (82) അന്തരിച്ചു. കോഴിക്കോട് തളി 'കല്‍പക'യിലായിരുന്നു താമസം. 2006 മുതല്‍ മാതൃഭൂമി ഡയറക്ടറാണ്.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദവും മുംബൈ ജി.ടിയില്‍ നിന്ന് എം.എസും നേടിയ ജയരാജ് കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് ജോലിയിൽ കയറിയത്. 1965 മുതല്‍ 1974 വരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ചു. 1976 മുതൽ കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലിന്റെ നേതൃനിരയിലുണ്ട്.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍, മുഴുവന്‍സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി.ഗംഗാധരന്‍ എന്നിവര്‍ ഭാര്യാസഹോദരന്മാരാണ്.