ഇടപാടുകൾ ദുരൂഹം; പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും
text_fieldsതിരുവനന്തപുരം: മുൻ എം.എൽ.എ പി.വി അൻവറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയക്കാനാണ് നീക്കം. കളളപ്പണ നിരോധന നിയമപ്രകാരം അൻവറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇ.ഡി അൻവറിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.
11 കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് കടക്കേണ്ടതിനാലാണ് പി.വി അൻവറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തയാറെടുക്കുന്നത്. പി.വി അൻവറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ വിലയിരുത്തൽ. സ്വത്തുവിവരങ്ങൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അൻവറിന് ലോൺ തരപ്പെടുത്തി നൽകിയെന്നും ആണ് എൻഫോഴ്സ്മെന്‍റ് നിലപാട്.
പി.വി അൻവറിന്‍റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് എൻഫേഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെ വിശദമായ വാർത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം അൻവറിന്‍റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച വാർത്താക്കുറിപ്പാണ് പുറത്തുവിട്ടത്.
22.3 കോടിയുടെ വായ്പ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം നടന്നതെന്നും ഒരേ വസ്തു ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ വായ്പകൾ അൻവർ കെ.എഫ്.സി വഴി തരപ്പെടുത്തിയെന്നുമാണ് പറയുന്നത്. കള്ളപ്പണം ഇടപാടും നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളും നടത്തിയതിന്റെ രേഖകള്‍ അന്‍വറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തുവെന്നാണ് ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിലുള്ളത്. കേസുമായി ബന്ധപ്പെട്ട് പി.വി അന്‍വറിന്റെ വീട്ടിലും ഡ്രൈവറുടെ വീട്ടിലും മഞ്ചേരിയിലെ സ്ഥാപനത്തിലും ഇന്നലെ റെയ്ഡ് നടന്നിരുന്നു.
അൻവർ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുവെന്ന് ഇ.ഡി പറയുന്നു. ലോണെടുത്ത തുക അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത്, 2021ൽ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇ.ഡി പറയുന്നു. കെ.എഫ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പിഴവ് ഉണ്ടായതായും ഇ.ഡി വ്യക്തമാക്കി. ഈട് നൽകിയ വസ്തുവിൻറെ മുൻകാല ചരിത്രം കൃത്യമായി പരിശോധിച്ചിട്ടില്ല.
അൻവറിന്‍റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുന്നുണ്ട്. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനം ഡ്രൈവറുടെയും അടുത്ത ബന്ധുവിന്‍റയും പേരിലാണ് ഉളളത്. ഇതിന്‍റെ യഥാർഥ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്ന് ഇ.ഡി പറഞ്ഞു.
15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പി.വി അൻവറിൻറെ ബിനാമി ഇടപാടുകൾ സംശയിക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പി.വി.ആർ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിർമ്മിച്ചത്. നിർമാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി. വിൽപ്പന കരാറുകൾ, സാമ്പത്തിക രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകൾ പിടിച്ചെടുത്തു. കള്ളപ്പണം, ഫണ്ട് വകമാറ്റൽ, ബിനാമി സ്വത്തുക്കൾ എന്നിവ സംബന്ധിച്ച കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

