'കാലുപിടിക്കുമ്പോൾ മുഖത്തിന് ചവിട്ടുന്നു, എന്താണ് ഞാൻ ചെയ്ത തെറ്റ്, കെ.സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ'; മുന്നണിയിൽ ഇല്ലെങ്കിൽ നിലമ്പൂരിൽ തൃണമൂൽ മത്സരിക്കുമെന്ന് പി.വി അൻവർ
text_fieldsമലപ്പുറം: യു.ഡി.എഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുമ്പോൾ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും പി.വി.അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കംപ്യൂട്ടറിൽ മാത്രമുള്ള പാർട്ടിവരെ ഘടകക്ഷികളായ യു.ഡി.എഫിൽ തന്റെ പാർട്ടിയെ മാറ്റിനിർത്തുന്നത് ആരുടെ താൽപര്യമാണെന്നും എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാറിനെ താഴെ ഇറക്കാനാണ് താൻ രാജിവെച്ചത്. അതുകൊണ്ടാണ് യു.ഡി.എഫുമായി ഒരുമിച്ച് പോകാൻ തീരുമാനിച്ചത്. എന്നാൽ യു.ഡി.എഫ് നേതൃത്വം പറഞ്ഞ വാക്കുപാലിച്ചില്ലെന്നും അൻവർ പറഞ്ഞു.
യു.ഡി.എഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യു.ഡി.എഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്ന എം.എം.ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഏൽപ്പിച്ചതാണ്.
മെയ് 15ന് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുകയും യോജിച്ച് പോകാൻ തീരുമാനിക്കുകയും ചെയ്തു. ഈ വിവരം രണ്ടുദിവസത്തിനകം വാർത്ത സമ്മേളനം വിളിച്ച് പറയുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിന്നീട് ഒരക്ഷരം പറഞ്ഞിട്ടില്ലെന്നും പി.വി.അൻവർ കുറ്റപ്പെടുത്തി.
യു.ഡി.എഫ് മുന്നണിയിൽ പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടരാൻ തന്നെയാണ് തീരുമാനം. കെ.സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും മുന്നണിയിൽ ഇല്ലെങ്കിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കി.
യു.ഡി.എഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പി.വി അൻവര്‍ പറഞ്ഞു. താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. അവസാന വഴിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന നിലപാടാണ് പിവി അൻവര്‍ വ്യക്തമാക്കിയത്.
അതേസമയം, പി.വി. അന്‍വറിനും യു.ഡി.എഫിനും യോജിച്ചു പോകാന്‍ കഴിയുമെന്നും ധാരണ തീരുമാനിക്കേണ്ടത് താനല്ലെന്നും നേതൃത്വം മറുപടി നല്‍കുമെന്നും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത് രാവിലെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി തീരുമാനം നിലമ്പൂരിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. എല്ലാവരെയും യോജിപ്പിച്ച് നിർത്തി മുന്നോട്ടു പോവുകയാണ് ലക്ഷ്യം. ഒരു യുദ്ധത്തിൽ പരമാവധി പേരെ സമാഹരിച്ച് കൊണ്ടാണ് മുന്നോട്ടു പോവുക.
യു.ഡി.എഫിന് പൂർണ പ്രതീക്ഷയാണുള്ളത്. ആരെയും കാത്തുനിൽക്കാതെ യു.ഡി.എഫ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ഞങ്ങൾക്ക് ഗ്രൗണ്ട് ഉണ്ട്. നിലമ്പൂരിൽ രണ്ട് തവണ അബദ്ധം സംഭവിച്ചു. അത് ആവർത്തികരുതെന്ന് നാട്ടുകാർക്ക് ആഗ്രഹമുണ്ട്. ആ ആഗ്രഹത്തിന്‍റെ കൂടെ നിൽക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

