Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവറിൻെറ...

പി.വി. അൻവറിൻെറ വാട്ടർതീം പാർക്കിലെ നിർമാണം നിർത്തി​െവക്കാൻ ഉത്തരവ്​

text_fields
bookmark_border
പി.വി. അൻവറിൻെറ വാട്ടർതീം പാർക്കിലെ  നിർമാണം നിർത്തി​െവക്കാൻ ഉത്തരവ്​
cancel

കോഴിക്കോട്​: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എ ആരംഭിച്ച വിവാദ വാട്ടർതീം പാർക്കിനെതിരെ നടപടി കർശനമാക്കി ജില്ല ഭരണകൂടം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പഠന റിപ്പോർട്ട് ലഭിക്കുന്നതുവരെ നിർമാണപ്രവർത്തനം ഉടൻ നിർത്തിവെക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു. പാര്‍ക്കി​​​െൻറ പ്രവര്‍ത്തനം നിര്‍ത്താന്‍ നേരത്തെ നിർദേശം നല്‍കിയിരുന്നു. കനത്തമഴയിൽ പാർക്കിന്​ സമീപം ഉരുൾപൊട്ടിയതിന്​ പിന്നാലെ തിരക്കിട്ട്​ നിർമാണം നടത്തിയത്​ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. പാർക്കി​​​െൻറ ഉടമസ്​ഥാവകാശം അടുത്തിടെ അൻവറി​​​െൻറ ഭാര്യയുടെ പേരി​േലക്ക്​​ മാറ്റിയിരുന്നു.

പാര്‍ക്കി​​​െൻറ പരിസരത്ത് ജലസംഭരണം പാടില്ലെന്നും സംഭരണിയിലെ വെള്ളം പൂർണമായും തുറന്നുവിടണമെന്നും ​ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. ജില്ല കലക്​ടർ യു.വി. ജോസി​​​െൻറ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്​ധസംഘം വാട്ടർതീം പാർക്ക്​ സന്ദർശിച്ച ശേഷമാണ്​ കർശന നടപടിയുണ്ടായത്​​. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്​ വിരുദ്ധമായാണ്​ അപകടമേഖലയിൽ നിർമാണം നടത്തിയതെന്ന്​ സംഘം ക​െണ്ടത്തി. ഉരുൾപൊട്ടലിനെത്തുടർന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച്​ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയില്‍ അനുമതിയുള്ള ക്വാറികളുടെ പ്രവര്‍ത്തനം ജില്ല വികസനസമിതി തീരുമാനപ്രകാരം തുടരാൻ യോഗം തീരുമാനിച്ചു. പരാതികളുള്ള മേഖലകളില്‍ ക്വാറികളുടെ പരിശോധന നടത്താൻ സബ് കലക്ടറെ ചുമതലപ്പെടുത്തി. പുതിയ ക്വാറികള്‍ക്കുള്ള അപേക്ഷ പരിഗണിക്കില്ലെന്ന്​ കലക്ടര്‍ അറിയിച്ചു.

യോഗത്തില്‍ സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. റംല, റീജനല്‍ ടൗണ്‍ പ്ലാനര്‍ അബ്​ദുൽ മാലിക്, അസി. കലക്ടര്‍ കെ.എസ്. അഞ്ജു, ജില്ല ഫയര്‍ ഫോഴ്‌സ്​ ഓഫിസര്‍ രജീഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ലീന, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ തുടങ്ങിയവര്‍ പ​െങ്കടുത്തു.

കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിൽ ഉരുൾപൊട്ടിയ പ്രദേശം

മുറവിളിക്കൊടുവിൽ ഉണർന്ന്​ ജില്ല ഭരണകൂടം
കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എ ആരംഭിച്ച വാട്ടർതീം പാർക്കിലെ നിയമലംഘനങ്ങൾ ഒടുവിൽ സ്​ഥലം സന്ദർശിച്ച ജില്ല കലക്​ടർ യു.വി. ​േജാസിന്​ നേരിട്ട്​ ബോധ്യമായി. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉരുൾപൊട്ടലു​ണ്ടായതും അശാസ്ത്രീയ നിർമാണപ്രവൃത്തി നടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ്​ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. സമുദ്രനിരപ്പിൽനിന്ന്​ 2500 അടി​ ഉയരമുള്ള മലയിലെ വിവാദ വാട്ടർതീം പാർക്കിൽ ഇൗ വർഷം മൂന്നുതവണ ഉരുൾപൊട്ടിയെങ്കിലും പുറംലോകത്തെ അറിയിച്ചിരുന്നില്ല. ജൂൺ 13, 14 തീയതികളിലാണ്​ ആദ്യം ഉരുൾപൊട്ടലുണ്ടായത്​. നീന്തൽകുളത്തിന്​ താഴെയും ജലസംഭരണിയുടെ മുകൾഭാഗത്തുമാണ്​ അന്ന്​ ഉരുൾപൊട്ടിയത്​. തുടർന്ന്​ ജില്ല ദുരന്തനിവാരണ വിഭാഗം ജൂണിൽ പാർക്കി​​​െൻറ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടു.

പിന്നീട്​ മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന്​ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്​ടർ റിപ്പോർട്ട്​ നൽകി പാർക്ക്​ ഉടമയെ വെള്ളപൂശുകയായിരുന്നു. കഴിഞ്ഞമാസത്തെ പേമാരിയിൽ എട്ടിടത്ത്​ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായിട്ടും വിവരങ്ങൾ രഹസ്യമാക്കി. മാധ്യമങ്ങൾ പുറത്തു​െകാണ്ടുവന്നതോടെയാണ്​ ജില്ല ഭരണകൂടം ഇടപെടാൻ നിർബന്ധിതമായത്​. പാർക്കിലെ താൽക്കാലിക റോഡും തകർന്നതായി ക​െണ്ടത്തി​. സമീപകാലത്തെ ഉരുൾപൊട്ടലിനെ തുടർന്ന്​ നീന്തൽക്കുളവും ജനറേറ്റർ സ്​ഥാപിച്ച ​െകട്ടിടവും അപകടാവസ്​ഥയിലാണ്​. ഇക്കാര്യം കലക്​ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ നേരിട്ട്​ ബോധ്യമായി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണ്​ നീക്കംചെയ്​ത്​ മതിലുകൾ കോൺക്രീറ്റ്​ ചെയ്യുന്ന ജോലികൾ കഴിഞ്ഞദിവസംവ​രെ തകൃതിയായി നടന്നു.

നിർമാണ പ്രവർത്തനങ്ങൾക്കടക്കം സ്​റ്റോപ്​​ മെമ്മോ ബാധകമാ​െണന്നിരിക്കെയാണ്​ പാർക്ക്​ ഉടമയുടെ ഇൗ നടപടി. ​നിലമ്പൂരിൽനിന്നുള്ള ഇടതുപക്ഷ എം.എൽ.എയായ അൻവറിനോട്​ കോൺഗ്രസ്​ ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്തും മൃദുസമീപനം സ്വീകരിക്കുകയാ​െണന്ന ആ​േക്ഷപം ശക്​തമാണ്​. ജില്ല കലക്ടറോടൊപ്പം സബ് കലക്ടർ വി. വിഘ്നേശ്വരി, ദുരന്തനിവാരണ വിഭാഗം ​െഡപ്യൂട്ടി കലക്ടർ കെ. റംല, ജിയോളജിസ്​റ്റ്​ ടി. മോഹനൻ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.


ഉരുൾപൊട്ടൽ മേഖലയിൽ വീണ്ടും കരിങ്കൽ ഖനനം
തിരുവമ്പാടി: പ്രളയകാലത്ത്​ ഉരുൾപൊട്ടൽ പരമ്പര തീർത്ത കിഴക്കൻ മലയോര മേഖലയിൽ കരിങ്കൽ ഖനനം തകൃതി. പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ച് കാരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലാണ് കരിങ്കൽ ക്വാറികളുടെ പ്രവർത്തനം. ഉരുൾപൊട്ടൽ കാരണം വീടു നിർമാണ പ്രവൃത്തിക്കുപോലും വിലക്കുള്ളപ്പോഴാണ് ക്വാറികളുടെ പ്രവർത്തനാനുമതി.
മുമ്പ് നിരവധി ക്വാറികൾ പ്രവർത്തിച്ചിരുന്ന കൂമ്പാറയിൽ രണ്ടു കി.മീ. ചുറ്റളവിലായി ഒമ്പതു സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. കൂമ്പാറ കൽപിനിയിൽ കുടുംബത്തിലെ രണ്ടുപേരാണ് മരിച്ചത്. നാലു വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. ഇതെല്ലാം നടന്ന്​ ദിവസങ്ങൾക്കകം കൂമ്പാറയിൽ രണ്ടു ക്വാറികളാണ് ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങിയത്. മേലെ കൂമ്പാറ പുന്നക്കടവിലെ ക്വാറി പ്രവർത്തനം പാരിസ്ഥിതിക അനുമതി ഇല്ലാത്തതിനാൽ ഈയിടെ ഹൈകോടതി വിലക്കിയിരുന്നു. കക്കാടംപൊയിൽ പീടികപാറയിൽ പുതുതായി ക്വാറി തുടങ്ങാനുള്ള നീക്കമുണ്ട്. ഗ്രാമപഞ്ചായത്തി​​​െൻറ അനുമതി മാത്രമേ ഇൗ ക്വാറിക്ക് ലഭിക്കാനുള്ളൂവെന്നാണ് വിവരം.

കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് ഉൾപ്പെടുന്ന 11 ഏക്കർ സ്ഥലത്ത് എട്ടിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇവിടെ വീണ്ടും നിർമാണപ്രവർത്തനം തുടങ്ങിയപ്പോഴും ഉന്നത ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. പാർക്കിലെ അനധികൃത നിർമാണം വാർത്തയായപ്പോഴാണ് ജില്ല കലക്ടറും ഉദ്യോഗസ്ഥ സംഘവും വെള്ളിയാഴ്ച സ്ഥലപരിശോധനക്കെത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പാറത്തോടും വ്യാപകമായി ഉരുൾപൊട്ടിയിരുന്നു. പാറത്തോട് 30ഓളം ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. തൊട്ടടുത്ത കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വൻകിട കമ്പനികളുടെ ക്വാറികളുണ്ട്.

കനത്ത മഴയെ തുടർന്ന് ജൂൺ 13നാണ് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ല കലക്ടർ നിർദേശിച്ചത്. ​സെപ്​റ്റംബർ മൂന്നിന് ജില്ല വികസന സമിതി യോഗം ചേർന്നാണ് ക്വാറികൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. നിർമാണ വസ്തുക്കൾക്ക് ലഭ്യതക്കുറവുണ്ടെന്നായിരുന്നു അനുമതിക്ക് കാരണമായി അധികൃതർ പറഞ്ഞത്. ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നിഷേധിക്കാമെന്നിരിക്കെ അത്തരമൊരു നീക്കമുണ്ടായില്ല. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്വാറി ഉടമകളുടെയും രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു.

ഉരുൾപൊട്ടൽ മേഖലയിൽ നിർമാണത്തിന് നിയന്ത്രണം വേണമെന്ന സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കക്കാടംപൊയിൽ സ്വദേശിയായ വിധവക്ക് വീടി​​​െൻറ ഓണർഷിപ് സർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തിയതിനെ തുടർന്നാണ് വിധവക്ക് വീട്ടുനമ്പർ നൽകാൻ പഞ്ചായത്ത് സെക്രട്ടറി തയാറായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspv anwar mlamalayalam newsWater Theme Park
News Summary - PV Anwar MLA Water Theme Park -Kerala News
Next Story