അൻവർ ഞങ്ങളുടെ പ്രശ്നമല്ല, യു.ഡി.എഫിന്റെ പ്രശ്നമാണ് -എം. സ്വരാജ്
text_fieldsഎം. സ്വരാജ്
മലപ്പുറം: നിലമ്പൂരിൽ പി.വി. അൻവർ തങ്ങളുടെ പ്രശ്നമല്ലെന്നും അൻവർ പ്രശ്നമാകുന്നത് യു.ഡി.എഫിനാണെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ്. സർക്കാറിന്‍റെ ഭരണമികവ് മുൻനിർത്തി എൽ.ഡി.എഫ് പ്രചാരണം സംഘടിപ്പിക്കും. വ്യക്തിപരമായി ആരെയെങ്കിലും വിമർശിക്കാൻ ഈ അവസരം ഉപയോഗിക്കുന്നില്ല. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളെല്ലാം ചർച്ചയാകുമെന്നും നിലമ്പൂരിലേക്ക് പുറപ്പെടുന്നതിനിടെ സ്വരാജ് പറഞ്ഞു.
“ഇന്ന് നിലമ്പൂരിൽ പ്രചാരണ പരിപാടികൾ ഔദ്യോഗികമായി തുടങ്ങും. രാഷ്ട്രീയ കാലാവസ്ഥയിൽ പ്രതികൂലമായത് എന്നൊന്നില്ല. ഏത് സാഹചര്യത്തേയും നമ്മൾ ശരിയായി നേരിടുകയാണ് വേണ്ടത്. പാർട്ടി ചിഹ്നത്തിലും സ്വതന്ത്ര ചിഹ്നത്തിലും നിലമ്പൂരിൽ എൽ.ഡി.എഫ് ജയിച്ചിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ചാണ് ജയ-പരാജയങ്ങളുണ്ടാകുന്നത്.
അൻവർ ആർക്കാണ് വെല്ലുവിളി ഉയർത്തുന്നത്? റിപ്പോർട്ടുകൾ പ്രകാരം യു.ഡി.എഫിനല്ലേ അൻവർ പ്രശ്നമാകുന്നത്. അത് ഞങ്ങളുടെ പ്രശ്നമല്ല. സർക്കാറിന്‍റെ ഭരണമികവ് മുൻനിർത്തിയാണ് ഞങ്ങൾ പ്രചാരണം നടത്തുന്നത്. വ്യക്തിപരമായി ആരെയെങ്കിലും വിമർശിക്കാൻ ഈ അവസരം ഉപയോഗിക്കുന്നില്ല. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളെല്ലാം ചർച്ചയാകും” -സ്വരാജ് പറഞ്ഞു.
58 വർഷത്തിനു ശേഷമാണ് നിലമ്പൂരിൽ സി.പി.എം ചിഹ്നത്തിൽ ഒരു സ്ഥാനാർഥി മത്സരിക്കുന്നത്. തൃപ്പൂണിത്തുറ മുൻ എം.എൽ.എയായ സ്വരാജ് സ്വന്തം നാട്ടിൽ മത്സരത്തിന് ഇറങ്ങുന്നതും ആദ്യമായാണ്. സ്വരാജിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുകയാണ്. രണ്ടാം പിണറായി സർക്കാർ നാലാം വാർഷികത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എൽ.ഡി.എഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

